ടെൽ അവീവ്– കഴിഞ്ഞ നവംബറിൽ ലെബനോനുമായി വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന ശേഷം, ലെബനോനിലെ ആക്രമണങ്ങളിൽ 420 പോരാളികളെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഒക്ടോബർ ആദ്യം മുതൽ തെക്കൻ ലെബനോനിൽ 40 പോരാളികൾ കൊല്ലപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങൾ പുനർനിർമ്മിക്കാനും ആയുധങ്ങൾ കടത്താനും ശ്രമിച്ചവരാണ്. വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം ഹിസ്ബുല്ല 1,900-ൽ അധികം തവണ കരാർ ലംഘിച്ചതായും ഇസ്രായേൽ ആരോപിച്ചു. 2014 നവംബറിൽ ഒപ്പുവെച്ച ഈ കരാർ ഒരു വർഷത്തിലേറെ നീണ്ട യുദ്ധത്തിന് അറുതി വരുത്തിയെങ്കിലും, ഹിസ്ബുല്ലയുടെ സൈനിക ശേഷി പുനർനിർമ്മിക്കുന്നത് തടയാൻ തങ്ങൾ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രതിജ്ഞയെടുത്തിട്ടുണ്ട്.
അതിനിടെ, ഇസ്രായേൽ ഭാഗത്തുനിന്ന് വലിയ ആക്രമണം ഉണ്ടാകുമെന്ന ആശങ്കകൾക്കിടെ അമേരിക്കയുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന്, വെടിനിർത്തൽ കരാർ പാലിക്കുന്നതിൻ്റെ ഭാഗമായി ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള പദ്ധതിക്ക് ലെബനീസ് അധികൃതർ അംഗീകാരം നൽകി. ഈ പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷാവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലെബനോൻ പിന്മാറ്റം ആവശ്യപ്പെടുന്ന അഞ്ച് അതിർത്തി പോയിൻ്റുകളിൽ തങ്ങളുടെ സൈന്യത്തെ ഇസ്രായേൽ നിലനിർത്തുന്നുമുണ്ട്.



