ബെയ്‌റൂത്ത് – ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ 37 പേര്‍ കൂടി കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ ലെബനോനിലെ ബാല്‍ബെക്ക് ജില്ലയിലെ ശഅത്ത് ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ടയറിലെ ബുര്‍ജ് അല്‍ശമാലി ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ നാല് പേരും തെക്കന്‍ ലെബനോനിലെ ബിന്‍ത് ജെബെയില്‍ ജില്ലയില്‍ എട്ട് പേരും കൊല്ലപ്പെട്ടതായും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണ പരമ്പരയില്‍ 17 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ബിന്‍ത് ജെബെയില്‍ ജില്ലയിലെ തിബ്‌നീന്‍ ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ രക്തസാക്ഷികളായതായി മന്ത്രാലയം നേരത്തെ അറിയിച്ചു. പലായനം ചെയ്ത കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടം ലക്ഷ്യമിട്ടാണ് വ്യോമാക്രമണമതുണ്ടായതെന്നും ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളും മറ്റേതാനും പേരും കൊല്ലപ്പെട്ടതായും ഔദ്യോഗിക ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മറ്റേതാനും ഇടങ്ങളിലുണ്ടായ വ്യോമാക്രമണങ്ങളില്‍ ഏതാനും പേരും കൊല്ലപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുല്ല അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് സൈന്യം വ്യാപകമായ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ അറിയിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കെതിരെ കുറച്ചു മുമ്പ് വ്യോമാക്രമണം ആരംഭിച്ചതായും ഇന്റര്‍സെപ്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും അഡ്രഇ പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ യുദ്ധത്തില്‍ ചേരാന്‍ തീരുമാനിച്ച ഹിസ്ബുല്ലക്കെതിരെ ഇസ്രായില്‍ സൈന്യം ശക്തമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായില്‍ പൗരന്മാരെ ലക്ഷ്യമിടാന്‍ സൈന്യം അനുവദിക്കില്ല. ഏത് ഭീഷണിക്കും വലിയ ശക്തിയോടെ തിരിച്ചടിക്കുമെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
ലെബനോന്‍ പ്രദേശത്തേക്കുള്ള കടന്നുകയറ്റത്തിനുള്ള തയ്യാറെടുപ്പിനായി, ലെബനോന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന തങ്ങളുടെ സൈനിക യൂണിറ്റുകളെ ഗൊലാനി ബ്രിഗേഡില്‍ നിന്നുള്ള യുദ്ധ സേനയെ ഉപയോഗിച്ച് ഇസ്രായില്‍ ശക്തിപ്പെടുത്തുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ ഹിസ്ബുല്ല പ്രവര്‍ത്തകരുമായി ഇസ്രായില്‍ സൈനികര്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ തുടര്‍ച്ചയായ നാലാം ദിവസവും ഷെല്ലാക്രമണത്തിന് വിധേയമാകുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. നിരവധി ഭാഗങ്ങളില്‍ നിന്ന് ലെബനോന്‍ പ്രദേശത്തിനകത്തേക്ക് കടന്നുകയറാന്‍ ഇസ്രായില്‍ സൈന്യം ശ്രമിക്കുന്നു.
ലെബനോനിലെ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ പത്ത് ദിവസത്തിനിടെ 634 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രി റാകാന്‍ നാസറുദ്ദീന്‍ അറിയിച്ചു. ഇക്കൂട്ടത്തില്‍ 91 പേര്‍ കുട്ടികളും 47 പേര്‍ സ്ത്രീകളുമാണ്. 1,500 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധം മൂലം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത പലായനം ചെയ്തവരുടെ എണ്ണം 8,16,000 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സാമൂഹിക കാര്യ മന്ത്രി ഹനീന്‍ അല്‍സയ്യിദ് അറിയിച്ചു. ഇതില്‍ 1,26,000 പേര്‍ സര്‍ക്കാര്‍ ഒരുക്കിയ അഭയകേന്ദ്രങ്ങളിലാണ് താമസിക്കുന്നതെന്നും അവര്‍ പറഞ്ഞു.



