ന്യൂദൽഹി: ഛത്തീസ്ഗഡിലെ നാരായൺപൂർ-ദന്തേവാഡ അതിർത്തിയിലെ വനത്തിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് 36 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സമീപകാലത്ത് മാവോയിസ്റ്റുകൾക്ക് നേരെ നടന്ന ഏറ്റവും വലിയ സൈനിക നീക്കമാണിത്. ജില്ലാ റിസർവ് ഗാർഡും (ഡിആർജി) സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്‌ടിഎഫ്) ഇന്നലെയാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് വെടിവെപ്പ് തുടങ്ങിയത്. ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. എകെ സീരീസ് ഉൾപ്പെടെ നിരവധി തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
വൻ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഇന്നലെയാണ് ഓർച്ച, ബർസൂർ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗോവൽ, നെന്തൂർ, തുൽത്തുളി എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലേക്ക് സംയുക്ത ഓപ്പറേഷനായി പ്രത്യേക സംഘത്തെ അയച്ചത്. നെന്തൂർ-തുൾത്തുളിക്ക് സമീപമുള്ള വനമേഖലയിൽ ഇന്ന് ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഉൾവനത്തിലേക്ക് കൂടുതൽ പിൻവാങ്ങിയ അവശേഷിക്കുന്ന ഏതാനും മാവോയിസ്റ്റുകളെ സുരക്ഷാ സേന പിന്തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.