കൊച്ചി– ലോക്‌സഭയില്‍ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്‍ മുനമ്പം ജനതക്ക് ആശ്വാസമെന്ന് സീറോ മലബാര്‍ സഭ. വഖഫ് നിയമഭേദഗതിയില്‍ സഭയുടെ നിലപാട് ഏതെങ്കിലും പാര്‍ട്ടിക്കുള്ള തുറന്ന പിന്തുണയല്ലെന്ന് സഭ പ്രതിനിധി ഫാദര്‍ ആന്റണി വടക്കേക്കര പറഞ്ഞു. മുസ്ലിം സമുദായത്തിനോ വഖഫ് സ്വത്തിനോ തങ്ങള്‍ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്ന നിയമമായിരുന്നു നിലവിലുണ്ടായിരുന്ന വഖഫ് നിയമം. സര്‍ക്കാര്‍ അതില്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റി. ജനപ്രതിനിധികള്‍ എല്ലാവരും മുനമ്പം ജനതയോടൊപ്പമാണെന്ന് വടക്കേക്കര പറഞ്ഞു. അദ്ദേഹം മുനമ്പം ജനതക്ക് സീറോ മലബാര്‍ സഭയുടെ അഭിവാദ്യങ്ങളും അർപ്പിച്ചു.
വ്യാഴായ്ച രാത്രി 24 മണിക്കൂർ നീണ്ട നടപടികള്‍ക്ക് ശേഷമാണ് 232 വോട്ടിനെതിരെ 288 വോട്ടുമായി വഖഫ് ബില്‍ ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതികളും, കെ.സി വേണു ഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍, കെ രാധാകൃഷ്ണന്‍, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശങ്ങളും വോട്ടിന് തള്ളുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബില്‍ പാസായത്. വ്യാഴായ്ച ഉച്ചക്ക് ശേഷം ബില്‍ രാജ്യസഭയിലും അവതരിപ്പിക്കും.