കോഴിക്കോട്: കൊടുവള്ളി പരപ്പാറയിൽനിന്ന് അനൂസ് റോഷനെ(21) തട്ടിക്കൊണ്ട് പോയി അക്രിമകൾ പാർപ്പിച്ചത് മൈസൂരുവിലെ രഹസ്യ കേന്ദ്രത്തിൽ. പ്രതികൾ പിടിക്കപ്പെടുമെന്ന ഘട്ടത്തിലാണ് യുവാവുമായി അക്രമിസംഘം കേരളത്തിലേക്ക് തിരിച്ചതെന്നും ഇതിലൊരു ഹോട്ടൽ ജീവനക്കാരന്റെ മൊഴി നിർണായക സഹായമായതായും പോലീസ് പറഞ്ഞു.
മൈസൂരുവിൽനിന്നും കേരളത്തിലേക്ക് തിരിച്ച പ്രതികൾ പാലക്കാട് ഇറങ്ങി രക്ഷപ്പെട്ടുവെന്നും അനൂസിനെ മല്ലപ്പുറം ജില്ലയിലെ മോങ്ങത്ത് വച്ചാണ് വാഹനം തടഞ്ഞ് പോലീസ് കൊടുവള്ളിയിൽ എത്തിച്ചതെന്നും താമരശ്ശേരി ഡിവൈ.എസ്.പി സുഷീർ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികൾ പോലീസ് സാന്നിധ്യം മനസ്സിലാക്കിയാണ് രക്ഷപ്പെട്ടത്. ഈ ക്രൈം സിൻഡിക്കേറ്റിൽ നേരിട്ടും അല്ലാതെയും ഒരുപാട് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ ഇനിയും ബാക്കിയുണ്ട്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നും താമരശ്ശേരി ഡിവൈ.എസ്.പി വ്യക്തമാക്കി.
പോലീസ് സംഘം മൈസൂരുവിലെത്തി ഹോട്ടലുകളിലും മറ്റും ലുക്കൗട്ട് നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് പ്രതികൾ കേരളത്തിലേക്ക് തിരിച്ചത്. പ്രതികൾ പിടിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ പാലക്കാട് ഇറങ്ങി അനൂസിനെ കൊണ്ടോട്ടിയിലേക്ക് വിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം കർണാടകയിലേക്ക് കടന്നതായി തുടക്കം മുതലേ പോലീസിന് സംശയമുണ്ടായിരുന്നു. ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള തെളിവുകളും ഇത് ബലപ്പെടുത്തി. അതിനിടെയാണ് മൈസൂരുവിലെ ഒരു ഹോട്ടൽ ജീവനക്കാരൻ ലുക്കൗട്ട് നോട്ടീസ് കണ്ട് പ്രതികളെന്ന് സംശയിക്കുന്നവരെ സംബന്ധിച്ച നിർണായക വിവരം പോലീസിന് നൽകിയത്. ഇതനുസരിച്ചുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് കാര്യങ്ങൾ സുരക്ഷിതമല്ലെന്ന് കണ്ട് പ്രതികൾ അവിടെനിന്ന് രക്ഷപ്പെട്ടത്.
മൈസൂരുവിൽനിന്നും പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടെ വഴിയിൽ വെച്ച് പ്രതികൾ ഇറങ്ങിപ്പോയതായി അനൂസ് റോഷൻ പോലീസിനോട് പറഞ്ഞതായാണ് വിവരം. തുടർന്ന് മൈസൂരുവിലെ ടാക്‌സി ഡ്രൈവറോട് ഒപ്പമായിരുന്നു അനൂസിന്റെ യാത്ര. ഇതിനിടെയാണ് മോങ്ങത്ത് വച്ച് ഇവർ സഞ്ചാരിച്ച വാഹനം പോലീസ് വളഞ്ഞ് അനൂസിനെ കൊണ്ടോട്ടി സ്‌റ്റേഷനുലും ശേഷം മുക്കം സി.എച്ച്.സിയിലും തുടർന്ന് കൊടുവള്ളി സ്‌റ്റേഷനിലും എത്തിച്ചത്.
ടാക്‌സി ഡ്രൈവറിൽനിന്നും അനൂസ് റോഷനിൽനിന്നും മൊഴിയെടുത്ത്് കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണിപ്പോൾ പോലീസ് സംഘം. നിലവിൽ അനൂസ് പൂർണ ആരോഗ്യവാനും സുരക്ഷിതനുമായാണ് എത്തിയതെന്നത് ഏറെ ആശ്വാസകരമാണ്. പ്രതികൾ യുവാവിനെ ആക്രമിച്ചിട്ടില്ലെന്നാണ് ലഭിച്ച വിവരം. എന്നാൽ, ആരാണ് തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരന്മാരെന്നും എന്തായിരുന്നു യഥാർത്ഥ ലക്ഷ്യമെന്നും മറ്റും അന്വേഷണത്തിലൂടെ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്.
മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രധാന സൂത്രധാരന്മാരായ ഏഴ് പ്രതികളെയും പോലീസിന് പിടികൂടാനായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയ സംഘത്തിന് വാഹനങ്ങൾ വാടകയ്ക്ക് നല്കിയ കൊണ്ടോട്ടി സ്വദേശികളായ റംഷിദ് മൻസിലിൽ മുഹമ്മദ് റിസ്വാൻ(22), ചിപ്പിലിക്കുന്ന് കളത്തിങ്ങൽ അനസ്(24), കിഴക്കോത്ത് പരപ്പാറ സ്വദേശി കല്ലിൽ മുഹമ്മദ് ഷാഫി എന്നിവരെയാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അനൂസ് റോഷനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്തായിരുന്ന, എന്നാൽ ഇപ്പോൾ നാട്ടിൽ ഒളിവിൽ കഴിയുന്ന അനൂസിന്റെ സഹോദരൻ അജ്മൽ റോഷനുമായുളള സാമ്പത്തിക തർക്കത്തെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് കരുതുന്നത്.