കൊച്ചി – അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അപമാനിക്കുന്ന തരത്തിൽ നടൻ വിനായകൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഈ കുറിപ്പ് അണികളെ പ്രകോപിപ്പിക്കുകയും ക്രമസമാധാനം തകർക്കാൻ സാധ്യതയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിലും പരാതി സമർപ്പിച്ചു.
വിനായകന്റെ പോസ്റ്റിൽ മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, ജോർജ് ഈഡൻ എന്നിവരെയും അധിക്ഷേപിച്ചതായി പരാതിയിൽ ആരോപിക്കുന്നു. ഇത്തരം പ്രവൃത്തികളിൽനിന്ന് വിനായകനെ വിലക്കണമെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസും കോട്ടയം ജില്ലാ പ്രസിഡന്റ് എം. ഗൗരീശങ്കറും വിനായകനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.