കണ്ണൂർ: റോഡിൽ കുഴഞ്ഞുവീണ യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി സ്കൂൾ വിദ്യാർത്ഥിനികൾ. കഴിഞ്ഞദിവസം വൈകുന്നേരം ചൊക്ലിയിലാണ് സംഭവം.
ശരീരത്തിൽ സോഡിയം കുറഞ്ഞതിനെ തുടർന്ന് യുവതി ചൊക്ലി ടൗണിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ചൊക്ലി വി.പി ഓറിയന്റൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനികൾ ഉടനെ യുവതിക്ക് പ്രാഥമിക ചികിത്സ നൽകുകയായിരുന്നു.
ചൊക്ലി ടൗണിലെ സ്കൂളിനരികിലുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങി ഓട്ടോയിൽ കയറുന്നതിനിടെയാണ് മാഹി സ്വദേശിനിയായ യുവതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഈ സമയം പി.ടി പിരീഡ് കഴിഞ്ഞ് റോഡിന് എതിർവശത്തുള്ള ഗ്രൗണ്ടിൽനിന്ന് വരികയായിരുന്നു അയിഷ അലോന, കദീജ കുബ്ര, നഫീസത്തുൽ മിസിരിയ എന്നി വിദ്യർത്ഥിനികൾ. ഇവരുടെ സന്ദർഭോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചതെന്ന് കണ്ടുനിന്നവരെല്ലാം പ്രതികരിച്ചു.
കഴിഞ്ഞദിവസം രാവിലെ സ്കൂളിൽ ഫസ്റ്റ് എയ്ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകൻ പി.വി ലൂബിൻ വിദ്യാർത്ഥിനികൾക്ക് പരിശീലന ക്ലാസ് നല്‍കിയിരുന്നു. ഈ ക്ലാസാണ് തങ്ങൾക്ക് യുവതിയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ സഹായകരമായതെന്ന് വിദ്യാർത്ഥിനികൾ പ്രതികരിച്ചു. കളി ക്ലാസ് കഴിഞ്ഞ് വരുന്നതിനിടയിലാണ് സ്ത്രീ കുഴഞ്ഞു വീഴുന്നത് കണ്ടത്. കാലും കയ്യും തടവിക്കൊടുത്തു. കൂടാതെ നെഞ്ചിലും പല തവണ അമർത്തി. കയ്യിൽ ചൂട് പിടിപ്പിക്കുകയും അപ്പോൾ ബോധം വരികയും ചെയ്തുവെന്ന് കുട്ടികൾ പറഞ്ഞു. കുട്ടികളെ സ്കൂളിൽ ആദരിച്ചു.