കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈയിലുണ്ടായിരുന്ന ലഹരിപ്പൊതി അപ്പാടെ വിഴുങ്ങിയ യുവാവ് മരിച്ചു. താമരശ്ശേരി മൈക്കാവ് അമ്പായത്തോട് സ്വദേശി ഇയ്യാടൻ ഷാനിദ് (28) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഓമശ്ശേരി കരിമ്പാലക്കുന്നിലാണ് ഷാനിദ് താമസിക്കുന്നത്.
ഇന്നലെ രാത്രി 9.30-ഓടെ നൈറ്റ് പെട്രോളിങ്ങിനിടെയാണ് ഷാനിദിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസിനെ കണ്ടതോടെ രക്ഷപ്പെടാനായി ഇയാളുടെ ശ്രമം. തുടർന്ന് ഇയാളിൽനിന്നും രണ്ട് കവർ എം.ഡി.എം.എ കണ്ടെടുത്തെങ്കിലും ഇത് കവറോടെ വിഴുങ്ങി രക്ഷപ്പെടാനായി ശ്രമം. തുടർന്ന് പോലീസ് ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നാലെ ഡോക്ടർമാരുടെ നിർദേശാനുസരണം കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
വിഴുങ്ങിയത് എം.ഡി.എം.എ ആണെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. 130 ഗ്രാം എം.ഡി.എം.എ കൈയിൽ ഉണ്ടായിരുന്നെന്നും അത് വിഴുങ്ങിയെന്നും യുവാവ് മൊഴി നൽകിയതായി പോലീസ് പ്രതികരിച്ചു.
ചികിത്സയ്ക്കിടെ ഇയാളുടെ വയറ്റിൽ നിന്ന് ലഹരി പദാർത്ഥങ്ങൾ കണ്ടെത്തിയതായി ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചതായും പോലീസ് വ്യക്തമാക്കി. സി.ടി സ്‌കാൻ, എൻഡോസ്‌കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ പൊതികളിൽ വെളുത്ത തരി പോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാൽ, വയറിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമാണോ അതോ അമിത അളവിൽ ലഹരി ശരീരത്തിൽ എത്തിയതാണോ മരണകാരണം എന്നതിൽ പോസ്റ്റ്‌മോർട്ടം റിപോർട്ടിന് ശേഷമെ വ്യക്തത ലഭിക്കൂവെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി കാത്തിരിക്കുകയാണെന്നും ശേഷം മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും പോലീസ് പറഞ്ഞു.