കൊച്ചി: മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) വ്യായാമത്തിനിടെ ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ 5:30-ന് മുളന്തുരുത്തി പാലസ് സ്ക്വയറിലെ ജിമ്മിൽ വച്ചാണ് സംഭവം. സംഭവസമയത്ത് ജിമ്മിൽ മറ്റാരും ഉണ്ടായിരുന്നില്ല.
രാജ് ഇടയ്ക്കിടെ വ്യായാമത്തിനായി ജിമ്മിൽ എത്താറുണ്ടായിരുന്നു. സാധാരണ രാവിലെ 6 മണിയോടെയാണ് അദ്ദേഹം ജിമ്മിൽ എത്താറുള്ളത്. എന്നാൽ, മറ്റ് ആവശ്യങ്ങൾ കാരണം ഇന്ന് 5 മണിയോടെ ജിം തുറന്ന് വ്യായാമം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, 5:26-ന് രാജ് കുഴഞ്ഞുവീഴുന്നതിന് മുമ്പ്, നെഞ്ചിൽ കൈകൾ അമർത്തി ഏതാനും സെക്കൻഡുകൾ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും കാണാം. ഒരു മിനിറ്റോളം ഇരുന്ന ശേഷം അദ്ദേഹം തറയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
ഏകദേശം 20 മിനിറ്റോളം രാജ് തറയിൽ കിടന്നു. 5:45-ന് ജിമ്മിൽ എത്തിയവർ അദ്ദേഹത്തെ കണ്ടെത്തി. ഉടൻ ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജിന്റെ വീട് ജിമ്മിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്താണ്. ചാലപ്പുറം ഏബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ് രാജ്. ഭാര്യ ലിജി വിദേശത്ത് നഴ്സായി ജോലി ചെയ്യുന്നു.