തൃശൂർ: തൃശൂരിലെ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി പ്രതികൾ രക്ഷപ്പെട്ടു. കോയമ്പത്തൂർ സ്വദേശി അരുൺ(40) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകീട്ട് കയ്പമംഗലത്തുളള സ്വകാര്യ ആംബുലൻസിലേക്ക് ഒരു ഫോൺ കോൾ വരികയായിരുന്നു. ഒരാളെ വണ്ടി തട്ടിയെന്നും ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ആംബലൻസ് എത്തണമെന്നുമായിരുന്നു കോൾ. ഇതേതുടർന്ന് ആംബുലൻസ് എത്തിയപ്പോൾ, സമീപത്തുണ്ടായിരുന്ന കാറിലെ നാലംഗ സംഘം വാഹനം ഇടിച്ചതാണെന്നും ഉടനെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. അപ്പോൾ ആംബുലൻസ് ഡ്രൈവർ ആരെങ്കിലും ഒരാൾ ആംബുലൻസിൽ കയറണമെന്ന് പറഞ്ഞെങ്കിലും കാറിൽ വരാമെന്ന് പറഞ്ഞ് നാലംഗ സംഘം മുങ്ങുകയായിരുന്നു.
ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കാറിലുണ്ടായിരുന്ന സംഘം സ്ഥലം വിടുകയായിരുന്നു. ഡോക്ടർമാർ പരിശോധിച്ചപ്പോഴേക്കും യുവാവ് നേരത്തെ തന്നെ മരിച്ചതായി കണ്ടെത്തി. ശേഷം വിശദമായ പരിശോധനയിലാണ് യുവാവിന്റെ ദേഹമാസകലം ക്രൂരമായ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം കൊടുങ്ങല്ലർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് കൊലപാതക വിവരം ചുരുളഴിച്ചത്.
കണ്ണൂർ അഴിക്കലിലെ ഐസ് ഫാക്ടറി ഉടമ സാദിഖാണ് കോയമ്പത്തൂരിൽ നിന്ന് അരുണിനെയും ശശാങ്കനെയും വിളിച്ചുവരുത്തിയതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അരുണും സാദിഖും തമ്മിൽ പത്തുലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. പണം തിരിച്ചുകിട്ടാതെ വന്നതോടെ, അത് തിരിച്ചുപിടിക്കാനായാണ് അരുണിനെ കോയമ്പത്തൂരിൽ നിന്ന് വിളിച്ചുവരുത്തിയത്. തൃശൂരിലെത്തിയ ഇരുവരെയും നാലംഗസംഘം കാറിൽ പിടിച്ചുകയറ്റി ബന്ദിയാക്കി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെ അരുൺ കൊല്ലപ്പെട്ടതോടെ മൃതദേഹം ഉപേക്ഷിക്കാനായി കണ്ടെത്തിയ പോംവഴിയായിരുന്നു അപകടവും ആംബുലൻസ് വിളിയുമെന്ന് പോലീസ് പറഞ്ഞു.
അരുണിനൊപ്പം കോയമ്പത്തൂരിൽ നിന്നെത്തിയ ശശാങ്കനിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇയാളിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.