കൊച്ചി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും എം.എൽ.എ.യുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ രൂക്ഷ വിമർശനം. രാഹുലിന്റെ ശല്യം മൂലം രണ്ട് വനിതാ കെ.എസ്.യു. പ്രവർത്തകർ പാർട്ടി പ്രവർത്തനം നിർത്തിയതായി ജില്ലാ സെക്രട്ടറി ആഷിഖ് കാരോട്ടിന്റെ ശബ്ദസന്ദേശം വ്യക്തമാക്കുന്നു. യൂത്ത് കോൺഗ്രസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശത്തിൽ, ഗ്രൂപ്പിലെ 70 ശതമാനം പെൺകുട്ടികൾക്കും രാഹുലിൽനിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാൻ ജോർജ് ആരോപിച്ചു.
“രാഹുൽ രണ്ട് പെൺകുട്ടികൾക്ക് മെസേജ് അയച്ചതായി എനിക്ക് നേരിട്ടറിയാം. അവർ പാർട്ടി പ്രവർത്തനം നിർത്തി. അതിനാൽ, ഗ്രൂപ്പിൽ രാഹുലിനെ ന്യായീകരിക്കേണ്ട ആവശ്യമില്ല. തെറ്റ് ചെയ്തവരെ ന്യായീകരിക്കലല്ല നമ്മുടെ ജോലി,” ആഷിഖ് കാരോട്ട് ശബ്ദസന്ദേശത്തിൽ പറയുന്നു. “ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മൾ ചുമക്കുന്നത്?” എന്ന് ചെറിയാൻ ജോർജ് ചോദിക്കുന്നു.
ആഷിഖ് കാരോട്ടിന്റെ ശബ്ദസന്ദേശം:
“ഇതിന്റെയൊന്നും ആവശ്യമില്ല. എനിക്ക് വ്യക്തിപരമായി അറിയാവുന്ന രണ്ട് പെൺകുട്ടികൾക്ക് പ്രസിഡന്റ് മെസേജ് അയച്ചിട്ടുണ്ട്. കെ.എസ്.യു.വിൽ പ്രവർത്തിച്ചവരാണ് അവർ. അവർ പാർട്ടി പ്രവർത്തനം നിർത്തി. ഇങ്ങനെ ന്യായീകരണം വേണ്ട. തെറ്റ് ചെയ്തവരെ ന്യായീകരിക്കലല്ല നമ്മുടെ പണി. അതിന് ആർക്കും സമയമില്ല.”
അതിനിടെ, ശനിയാഴ്ച രാഹുലിനെതിരെ മറ്റൊരു ശബ്ദരേഖ കൂടി പുറത്തുവന്നു. പരാതിക്കാരിയോട് ഗർഭഛിദ്രം നിർബന്ധിച്ച് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണമാണ് പുറത്തായത്.