കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെയുണ്ടായിരുന്ന തിരുവിലാമല സ്വദേശി അബ്ദുൽസനൂഫിനെ ഇതുവരെയും കണ്ടെത്താനായില്ല. എന്നാൽ, സനൂഫ് സഞ്ചരിച്ച കാർ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫസീലയുടെ കുടുംബം രംഗത്തെത്തി. ജോലിക്കെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും മകളുടെ മരണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും ഇത്തരമൊരു ദുരനുഭവം ഒരാളുടെ മക്കൾക്കും ഇനിയുണ്ടാവരുതെന്നും ഫസീലയുടെ പിതാവ് മുഹമ്മദ് സാനു പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർ നടപടികളിലാണെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും പോസ്റ്റ്‌മോർട്ടം പൂർത്തിയായ ശേഷം മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും പോസ്റ്റ്‌മോർട്ടം റിപോർട്ടിനനുസരിച്ച് തുടർ നടപടികളിലേക്ക് പോകുമെന്നും പോലീസ് പറഞ്ഞു.
ഫസീലയോടൊപ്പം താമസിച്ചിരുന്ന സനൂഫിനായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും നടക്കാവ് പോലീസ് പറഞ്ഞു. മലപ്പുറം ജില്ലയിലെ വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല(35)യെ ഇന്നലെയാണ് എരഞ്ഞിപ്പാലത്തെ ഒരു ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോഡ്ജിലെ ബില്ലടക്കാൻ ക്യാഷ് എടുത്തു വരാമെന്ന് പറഞ്ഞ് റൂമിൽനിന്ന് പോയ സനൂഫ് പിന്നീട് തിരിച്ചുവന്നിരുന്നില്ല. നിശ്ചിതസമയം കഴിഞ്ഞിട്ടും റൂം ഒഴിയാത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ഇന്നലെ ഉച്ചയ്ക്ക് യുവതിയെ റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രതി സനൂഫിനെതിരെ ഫസീല നേരത്തെ ഒറ്റപ്പാലത്ത് പീഡനക്കേസ് നൽകിയിരുന്നു. അതേസമയം, സനൂഫ് ലോഡ്ജിൽ നൽകിയ ഫോൺ നമ്പറും മേൽവിലാസവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 24-ാം തിയ്യതി രാത്രി 11-ഓടെയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച രാത്രി പത്തോടെ പണത്തിനെന്ന് പറഞ്ഞ് ലോഡ്ജിൽ നിന്നും പുറത്തുപോയ യുവാവ് പിന്നീട് മുങ്ങുകയായിരുന്നു.
സനൂഫ് ഉപയോഗിച്ച കാർ പാലക്കാട് ചക്കാന്തറയിലെ സ്‌കൂളിന് സമീപം കണ്ടെത്തിയെങ്കിലും ഈ കാർ മറ്റൊരു വ്യക്തിയുടേതാണെന്നാണ് വിവരം. റൂമിൽനിന്നും ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ കണ്ടെടുത്തതായി നടക്കാവ് പോലീസ് പറഞ്ഞു.