കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പത്തനംതിട്ട സ്വദേശിയും ‘ടേക്ക് ഓഫ് ഓവർസീസ് എഡ്യൂക്കേഷണൽ കൺസൽട്ടൻസി’ സി.ഇ.ഒയുമായ കാർത്തിക പ്രദീപ് കോഴിക്കോട്ട് പിടിയിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസ് ആണ് കാർത്തികയെ പിടികൂടിയത്.
കോഴിക്കോട്, തൃശൂർ, എറണാകുളം, പത്തനംതിട്ട,തിരുവനന്തപുരം തുടങ്ങി വിവിധ ജില്ലകളിൽനിന്നായി നൂറിലേറെ ഉദ്യോഗാർത്ഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായതെന്ന് പോലീസ് പറഞ്ഞു.
ജർമനി, ബ്രിട്ടൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽനിന്ന് 3 മുതൽ 8 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. പണവും രേഖകളും നൽകിയതിനു ശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് കേസെടുത്തതോടെ ഇവർ ലൈസൻസില്ലാതെ പ്രവർത്തിച്ച കൊച്ചിയിലെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. ഇപ്പോൾ തൃശൂരിലേക്ക് മാറി താമസിക്കുന്ന ഇവർ യുക്രെയ്‌നിൽ ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ് നടത്തിയതെന്നും ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് വ്യക്തമാക്കി.