കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് തൊട്ടുമുന്നിൽ എത്തിനിൽക്കുന്ന സമയത്തും ചില വിദ്യാർത്ഥികളിൽ കണ്ടുവരുന്ന അരാഷ്ട്രീയ മനോഭാവം നാടിനും സമൂഹത്തിനും വലിയ ആപത്താണെന്ന് വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച ‘മീറ്റ് ദ സ്‌കോളേഴ്സ്’ സംഗമം അഭിപ്രായപ്പെട്ടു. കേവല കക്ഷിരാഷ്ട്രീയ മത്സരങ്ങൾക്കപ്പുറം നിർമ്മാണാത്മകമായ പ്രവർത്തനങ്ങളാണ് കലാലയ രാഷ്ട്രീയത്തിലൂടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഫലവുമെല്ലാം കൂടുതൽ സുതാര്യമാക്കാനുള്ള മാർഗങ്ങൾ ആവിഷ്കരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണം. യുവാക്കളെ രാഷ്ട്രീയ പ്രക്രിയകളിൽ ഭാഗമാക്കാൻ സർക്കാരും ഭരണകൂടവും നൂതനമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പണ്ഡിതസഭയായ ലജ്നത്തുൽ ബുഹൂഥിൽ ഇസ്‌ലാമിയ്യയുടെ കൺവീനർ ശമീർ മദീനി സംഗമം ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി മുഹമ്മദ് സ്വാദിഖ് മദീനി, മുനവ്വർ സ്വലാഹി, സഫീർ അൽ ഹികമി, ഡോ. ഷഹബാസ് കെ അബ്ബാസ്, അബ്ദുൽ മാജിദ് ചുങ്കത്തറ, റസീൻ ഒതായി, അബ്ഹജ് സുറൂർ, അജ്‌വദ് ചെറുവാടി, സിയാദ് അരീക്കോട് തുടങ്ങിയവർ സംസാരിച്ചു.



