പെരിന്തൽമണ്ണ: ആരോഗ്യ രംഗം കോർപറേറ്റുകൾ കയ്യടക്കി വെച്ചതോടെ ആ രംഗത്ത് വലിയ പ്രതിസന്ധികളുണ്ടാകുന്നുവെന്നും അത് ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നുവെന്നും പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച വിസ്ഡം യൂത്ത് ഡോക്ടേഴ്സ് കോൺഫറൻസ് അഭിപ്രായപ്പെട്ടു.കോർപറേറ്റുകളുടെ സമ്മർദ്ദം തൊഴിൽ സ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും മന: സംഘർഷത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ആരോഗ്യ രംഗത്തെ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണം. കോർപ്പറേറ്റുകളുടെ കടന്നുവരവ് സാധാരണക്കാർക് ചികിത്സ അപ്രാപ്യമാക്കാൻ കാരണമാകും. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷ മുൻനിർത്തി ശക്തമായ നിയമങ്ങൾ നിലനിൽക്കുമ്പോഴും അക്രമ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് നീതീകരിക്കാനാവില്ല. ആരോഗ്യ പരിപാലനം ഏറെ മനസ്സാന്നിധ്യത്തോടെ സമാധാനപൂർവ്വമായ അന്തരീക്ഷത്തിൽ നിർവ്വഹിക്കപ്പെടേണ്ടവയാണ്.
അക്രമണങ്ങൾക്ക് മുതിരുന്നവരെ മാതൃകാപരമായി ശിക്ഷിക്കപ്പെടുമ്പോഴേ നിർഭയത്വമുള്ള തൊഴിലിടങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നവർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് സർക്കാരുകളുടെ ബാധ്യതയാണ് എന്നുംസമ്മേളനം വിലയിരുത്തി.
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ നിഷാദ് സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ പി പി നസീഫ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെട്രോ ഹോസ്പിറ്റൽ ഡയറക്ടർ ഡോ പി പി മുഹമ്മദ് മുസ്തഫ, മുഹമ്മദ് സാദിഖ് മദീനി, ഡോ പി പി അബ്ദുൽ മാലിക്, ഡോ മുഹമ്മദ് കുട്ടി കണ്ണിയൻ, ഡോ അഹ്സനു സമാൻ, ഡോ മുഹമ്മദ് ഫഹീം, സുഹൈർ പാണ്ടിക്കാട്, ഡോ ടി സി മുഹമ്മദ് മുബഷിർ, ഡോ സാദിക്ക് ബിനു കാസിം, ഷൗക്കത്ത് അലി, പി ജൗഹർ, ആദിൽ ഫത്താഹ് എന്നിവർ സംസാരിച്ചു. നവംബർ 16, 17 തീയതികളിൽ കണ്ണൂർ വെച്ച് സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ഫാമിലി കോൺഫറൻസ് ‘പ്രൊഫേസ്’ ന്റെ ഭാഗമായാണ് ഡോക്ടേഴ്സ് കോൺഫറൻസ് സംഘടിപ്പിച്ചത്.