കോട്ടയം– കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് തലയോലപറമ്പ് സ്വദേശി ബിന്ദു മരിച്ചതില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തലിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം.
തൃശൂര്‍ ഡി.എം.ഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ചിലേക്ക് മൂന്ന് പ്രാവശ്യം പോലീസ് ജല പീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞു പോവാതെ പ്രവര്‍ത്തകര്‍. തിരുവന്തപുരത്ത് മന്ത്രിയുടെ വസതിയിലേക്ക് ബി.ജെ.പി മാര്‍ച്ചിലും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവന്തപുരത്ത് പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രമണിഞ്ഞ് മന്ത്രിയുടെ വസതിയിലേക്ക് എത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു. പത്തനതിട്ടയില്‍ വീണാ ജോര്‍ജിന്റെ ഓഫീസിലും വീട്ടിലും പ്രതിഷേധമുണ്ടായി.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കോലം കത്തിച്ചു. ആശുപത്രി കവാടത്തിന് മുന്നിലെ പോലീസ് ബാരിക്കേഡില്‍ കയറിയ പ്രവര്‍തത്തകര്‍ പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും വീപ്പയെറിയുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തി വീശി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കെ.എസ്.യു ആരോഗ്യമന്ത്രിയുടെ കോലവുമായെത്തി പ്രതിഷേധിച്ചു. തുടര്‍ സമരം മുന്നില്‍ കണ്ട് കോട്ടയം മെഡിക്കല്‍ കോളജിനു മുമ്പില്‍ പോലീസ് ബാരിക്കേഡ് ഉയര്‍ത്തുകയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.