തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലി വിവാദം. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐ എ എസ് അഡ്മിനായാണ് പുതിയ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. സംഭവം വിവാദത്തിലായതോടെ മണിക്കൂറുകൾക്കകം ഗ്രൂപ്പ് ഡിലീറ്റാക്കുകയായിരുന്നു.
എന്നാൽ, തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സൈബർ പോലീസിൽ പരാതി നൽകിയതായും കെ ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ഐ എ എസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് കഴിഞ്ഞദിവസമാണ് ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്ന പേരിൽ ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്.
സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ അടക്കം ചേർത്താണ് ഗ്രൂപ്പുണ്ടാക്കിയത്. ഗ്രൂപ്പിൽ ചേർക്കപ്പെട്ട ചില ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട ആശങ്ക കെ ഗോപാലകൃഷ്ണനെ അറിയിക്കുകയായിരുന്നു. ശേഷം ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്ക് തന്റെ ഫോൺ ആരോ ഹാക്ക് ചെയ്‌തെന്ന് ഗോപാലകൃഷ്ണൻ സന്ദേശം അയക്കുകയായിരുന്നു.
ഫോണിലെ നമ്പറുകൾ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്‌തെന്നും ഫോൺ ഉടനെ മാറ്റുമെന്നും ഗോപാലകൃഷ്ണൻ സഹപ്രവർത്തകരെ അറിയിക്കുകയായിരുന്നു.
അതിവേഗം ഗ്രൂപ്പ് നീക്കിയെങ്കിലും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തുറന്നുകാട്ടണമെന്ന ആവശ്യം ശക്തമാണ്. ഇത്തരമൊരു വിഭാഗീയ നീക്കത്തിന് കരുക്കൾ നീക്കിയവരെ കണ്ടെത്തണമെന്നാണ് ആവശ്യം. ഉന്നത ഉദ്യോഗസ്ഥന്റെ ഫോൺ ഹാക്ക് ചെയ്ത് സാമുദായിക സ്പർധയുണ്ടാക്കാനുള്ള നീക്കം അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സൈബർ സെല്ലിന്റെ അന്വേഷണത്തോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.