തിരുവനന്തപുരം– വ്യവസായവകുപ്പ് മന്ത്രി പി. രാജീവിൻ്റെ ഓഫീസിലേക്ക് സ്വാഗതം ചെയ്യാൻ AI-പിന്തുണയുള്ള വെർച്വൽ റിസപ്ഷനിസ്റ്റ്. കെല്ലി എന്ന് പേരിട്ടിരിക്കുന്ന വെർച്വൽ റിസപ്ഷനിസ്റ്റ് ഇനി സന്ദർശകരേയും സ്റ്റാഫുകളെയും ഓഫീസിലേക്ക് സ്വാഗതം ചെയ്യും. പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും വെർച്വൽ റിസപ്ഷനിസ്റ്റിന് സാധിക്കും. നിലവിലുള്ള എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് സംവിധാനങ്ങളുമായി സംയോജിപ്പിച്ച് സബ്സ്ക്രിപ്ഷനുകൾ, പേയ്മെന്റ് കുടിശ്ശികകൾ, ഫയൽ സ്റ്റാറ്റസുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ഇത് സഹായകമാകും. കെല്ലിയെ രൂപകൽപന ചെയ്തിരിക്കുന്നത് കെൽട്രോൺ ആണ്.
പരിചയമുള്ളവരെ പേരും പദവിയും സഹിതം തിരിച്ചറിയാനും സ്വാഗതം ചെയ്യാനും കെല്ലിക്ക് സാധിക്കും. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. Llama, Mixtral പോലുള്ള ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM), Llamaindex വഴിയുള്ള ഡാറ്റാ ശേഖരണം, കൂടാതെ വിവർത്തനം, ടെക്സ്റ്റ്-ടു-സ്പീച്ച്, സ്പീച്ച്-ടു-ടെക്സ്റ്റ്, ഫെയ്സ് റെക്കഗ്നിഷൻ എന്നിവയ്ക്കുള്ള പ്രത്യേക സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള നൂതന AI സാങ്കേതികവിദ്യകളാണ് ഈ സംവിധാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
മിടുക്കിയായ റിസപ്ഷനിസ്റ്റാണ് കെല്ലിയെന്നും ആളുകളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കെല്ലി വേഗത്തിൽ മറുപടി നൽകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിൽ എത്തുന്നവർക്ക് വളരെ സഹായകരമാണ് ഈ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്‌ലോഡ് ചെയ്ത രേഖകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെ ആശ്രയിച്ചാണ് കെല്ലി പ്രവർത്തിക്കുന്നത്.തെറ്റായ വിവരങ്ങൾ നൽകാനുള്ള സാധ്യത ഇത് കുറയ്ക്കുന്നു. ഇംഗ്ലീഷും മലയാളവുമാണ് കെല്ലിക്ക് നിലവിൽ അറിയാവുന്ന ഭാഷ.