കൊച്ചി : വയനാട് ദുരന്തത്തിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനും കാസർകോട് സ്വദേശിയുമായ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴ ചുമത്തി തള്ളിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ അടയ്ക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചു.ഹർജിയില്‍ എന്ത് പൊതുതാത്പര്യമാണുള്ളതെന്ന് ആരാഞ്ഞ ഹൈക്കോടതി,സംഭാവന നല്കുന്ന ജനങ്ങളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത് എന്തിനാണെന്നും അഭിഭാഷകനോട് ചോദിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംഘടനകള്‍ പണം പിരിക്കുന്നുണ്ടെന്നും അതില്‍ സുതാര്യത വരുത്താനാണ് സർക്കാർ മേല്‍നോട്ടം വഹിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അഭിഭാഷകൻ വാദിച്ചിരുന്നു.
സംഘടനകളുടെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.
സിനിമാ നടൻ കൂടിയായ ഷുക്കൂർ വക്കീൽ അഭിനയിച്ച ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ ഇദ്ദേഹത്തിന്റെ തന്നെ ഡയലോഗായ ആ ഫ്ലോ അങ്ങ് പോയി എന്ന വാചകം ഉദ്ധരിച്ച് സോഷ്യൽ മീഡിയിൽ വ്യാപകമായ ട്രോളുകൾ ഇതോടകം വൈറലായി.