കാസർകോട്: കൈക്കോട്ട് കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റിയിൽ നിന്നും ഊരു വിലക്കിയെന്ന പ്രവാസിയുടെ പരാതി തെറ്റാണെന്ന് സംസ്ഥാന വഖഫ് ബോർഡ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കേസ് തീർപ്പാക്കി. പരാതിക്കാരൻ വഖഫിന്റെ കുവൈറ്റ് ശാഖാ കമ്മിറ്റി അംഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനെ ഊരുവിലക്കിയിട്ടില്ല. എന്നാൽ ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് ശാഖാ മെമ്പർ എന്ന നിലയിൽ പരാതിക്കാരന് നൽകിയിരുന്ന പരിഗണന തൽക്കാലം മരവിപ്പിച്ചു. ഇക്കാര്യം പള്ളിയുടെ നോട്ടിസ് ബോർഡിൽ പതിച്ചു. പ്രശ്നം പരിഹരിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും പരാതിക്കാരൻ തയ്യാറിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
പരാതിക്കാരൻ പുതിയതായി വീട് നിർമ്മിച്ച സാഹചര്യത്തിൽ പരാതിക്കാരന്റെ മാതാവ് വഴി ലഭിച്ച അംഗത്വം ഇല്ലാതായി. പുതിയ അംഗത്വത്തിന് പരാതിക്കാരൻ അപേക്ഷ നൽകണം. പരാതിക്കാരനെ ഊരുവിലക്കിയിട്ടില്ലെന്ന് വഖഫിന്റെ കീഴിലുള്ള മുഴുവൻ പള്ളികളിലും നോട്ടീസ് പതിപ്പിക്കാൻ വഖഫ് ബോർഡ് അധികൃതർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പതിച്ച നോട്ടീസിൽ പരാതിക്കാരനെയും കുടുംബത്തെയും അപമാനിച്ചിട്ടുണ്ടെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് ബോർഡിൽ പതിക്കേണ്ട നോട്ടീസിന്റെ മാത്യക തയ്യാറാക്കി അയച്ചു കൊടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ നോട്ടീസ് പതിച്ചിട്ടുണ്ട്. തുടർന്ന് കമ്മീഷൻ സിറ്റിംഗിൽ ഹാജരാകാൻ പരാതിക്കാരന് നോട്ടീസയച്ചെങ്കിലും ഹാജരായില്ല. ഇളംമ്പച്ചി സ്വദേശി അബ്ദുള്ള കടവത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.