പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. തൃശൂർ മെഡിക്കൽ കോളജിലെത്തി മൃതദേഹം കണ്ട കുടുംബാംഗങ്ങൾ, തങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അവർ അധികൃതരോട് ആവശ്യപ്പെട്ടു.
ബുധനാഴ്ചയായിരുന്നു സംഭവം. പാലക്കാട് ജോലി തേടി എത്തിയതായിരുന്നു റാം നാരായൺ. റാമിന്റെ പോസ്റ്റ്മോർട്ടം ഫലവും ഞെട്ടിക്കുന്നതായിരുന്നു. 40 ലധികം മുറിവുകളായിരുന്നു അദ്ദേഹത്തിന്റെ ശരീരത്തിൽ കണ്ടെത്തിയത്. മോഷണശ്രമം ആരോപിച്ചാണ് റാമിനെ അതിക്രൂരമായി കൊലപ്പെടുത്തി കളഞ്ഞത്. മർദനമേറ്റ് കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറിനുശേഷമാണ് പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
തൊഴിലുറപ്പ് തൊഴിലാളികൾ പണി ചെയ്തിരുന്ന സ്ഥലത്തെ വീടിനും കടകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ ഇയാളെ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. ഒരു കൂട്ടം യുവാക്കൾ റാമിനെ പിടികൂടി ആക്രമിക്കുകയായിരുന്നു. എന്നാൽ, റാം നാരായണിന്റെ പക്കൽ നിന്നും മോഷണ വസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം
യുവാക്കളുടെ മർദനമേറ്റ് ഇയാൾ രക്തം ഛർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. എന്നാൽ മർദനമേറ്റ് വീണ ഇയാളെ നാല് മണിക്കൂറിന് ശേഷമാണ് പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയത്.
അതിഥിത്തൊഴിലാളിക്കു നേരെയുണ്ടായതു മണിക്കൂറുകളോളം നീണ്ട ആൾക്കൂട്ട വിചാരണയും അതിക്രൂര മർദനവുമാണെന്നും പൊലീസ് പറയുന്നുണ്ട്. ആൾക്കൂട്ട മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ തലയിൽ ഉൾപ്പെടെ മർദിക്കുന്നതായും കാണാൻ സാധിക്കും.



