മുൻ മുഖ്യമന്ത്രിയും സിപിഐ(എം)ന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ വി.എസ്. അച്യുതാനന്ദന്റെ സമരജീവിതം ഇനി പ്രകാശമേകുന്ന ഓർമയായി നിലനിൽക്കും. പുന്നപ്ര-വയലാർ വിപ്ലവത്തിന്റെ ധീരനായകനായ വി.എസ്, ആലപ്പുഴയിലെ വലിയചുടുകാട്ടിൽ, തന്റെ സഖാക്കൾക്കൊപ്പം ഇനി വിശ്രമിക്കും. വി.എസിന്റെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ രാത്രി 9 മണിക്ക് നടന്നു. മകൻ ഡോ. വി.എ. അരുൺകുമാർ ചിതയ്ക്ക് തീകൊളുത്തി. സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ. ബേബി, മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ, മറ്റ് രാഷ്ട്രീയ നേതാക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, പാർട്ടി പ്രവർത്തകർ തുടങ്ങിയ വൻ ജനസഞ്ചയം സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ഉച്ചയ്ക്ക് 12:30-ഓടെ വി.എസിന്റെ മൃതദേഹം പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തി. അവിടെ വൻ ജനസമൂഹം നേരത്തെ തന്നെ കാത്തുനിന്നിരുന്നു. തുടർന്ന്, ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിലേക്ക് മൃതദേഹം എത്തിച്ചു, അവിടെയും ജനക്കൂട്ടം തിങ്ങിനിറഞ്ഞു. ശേഷം, ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ മൈതാനത്ത് 5:40-ന് പൊതുദർശനത്തിനായി എത്തിച്ചു. വിവിധ ജില്ലകളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയ പാർട്ടി പ്രവർത്തകർ പ്രിയനേതാവിനെ അവസാനമായി കാണാൻ അവിടെ ഒത്തുകൂടിയിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വി.എസ്. അച്യുതാനന്ദൻ ജൂലൈ 21-ന് വൈകിട്ട് 3:20-നാണ് അന്തരിച്ചത്.