കോഴിക്കോട് ∙ വിവാഹ വാഗ്ദാനം നൽകി 15 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം സ്വദേശി മുഹമ്മദ് സാലി (35)നെയാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയപ്പോൾ മംഗളൂരു വിമാനത്താവളത്തിൽ വച്ച് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഷാലു കിങ് മീഡിയ, ഷാലു കിങ് വ്ലോഗ്സ്, ഷാലു കിങ് ഫാമിലി എന്നീ പേര്‍ക്ക് കീഴിൽ കഴിഞ്ഞ ഏഴ് വർഷമായി ഇയാൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ആദ്യ ഭാര്യയുമായുള്ള പിണക്കത്തിനിടെ മുഹമ്മദ് സാലി പതിനഞ്ചുകാരിയുമായി പരിചയപ്പെട്ടു. ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവ വഴിയാണ് ഇവർ ബന്ധം ആരംഭിച്ചത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. മുഹമ്മദ് സാലിക്ക് ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുണ്ട്.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മുഹമ്മദ് സാലി വിദേശത്തേക്ക് കടന്നിരുന്നു. തുടർന്ന് കൊയിലാണ്ടി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിദേശത്ത് നിന്ന് മംഗളൂരു വിമാനത്താവളം വഴി മടങ്ങിയെത്തിയപ്പോഴാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.