തിരുവനന്തപുരം– കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ ഇൻഡോർ സ്വദേശിനി മൊണാലിസ ഭോസ്ലെയും കാമുകൻ മുഹമ്മദ് ഫർമാനും വിവാഹിതരായി. തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു വിവാഹം. പ്രണയത്തിന് വീട്ടുകാർ തടസ്സം നിൽക്കുകയും മൊണാലിസയ്ക്ക് മറ്റൊരു വിവാഹം ആലോചിക്കുകയും ചെയ്തതോടെയാണ് ഇരുവരും സുരക്ഷിത താവളം തേടി കേരളത്തിലെത്തിയത്.
‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം എന്ന പ്രത്യേകത കണക്കിലെടുത്താണ് വിവാഹത്തിനായി അരുമാനൂർ നയിനാർ ക്ഷേത്രം തിരഞ്ഞെടുത്തത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എം.പി തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സാക്ഷ്യം വഹിക്കാനെത്തി. വിവിധ മതങ്ങളുണ്ടെങ്കിലും എല്ലാ മതങ്ങളുടെയും സത്ത മനുഷ്യത്വമാണെന്നും ആ സന്ദേശമുയർത്തിപ്പിടിച്ച മഹാഗുരുവിന്റെ മണ്ണിൽ നടന്ന ഈ വിവാഹം ഏറെ പ്രസക്തമാണെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാനും ഒന്നര വർഷമായി പ്രണയത്തിലാണ്. ഫേസ്ബുക്ക് വഴിയുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. എന്നാൽ മിശ്രവിവാഹത്തിന് വീട്ടുകാർ എതിർപ്പുന്നയിച്ചതോടെ മറ്റു സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധം സുരക്ഷിതമായിരിക്കില്ലെന്ന ബോധ്യത്തിലാണ് ഇരുവരും കേരളത്തിലെത്താൻ തീരുമാനിച്ചത്.
സിനിമ ഷൂട്ടിംഗിനായി പൂവാറിൽ എത്തിയപ്പോഴാണ് മൊണാലിസയും ഫർമാനും സംരക്ഷണം ആവശ്യപ്പെട്ട് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്. പെൺകുട്ടിയുടെ പരാതിയിൽ പിതാവ് ജയ് സിങ് ഭോസ്ലെയെയും സിനിമാ സംഘത്തെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പോലീസിന് മുന്നിൽ മൊണാലിസ ഉറച്ച നിലപാടെടുത്തതോടെയാണ് വിവാഹത്തിനുള്ള വഴിയൊരുങ്ങിയത്.



