തിരുവനന്തപുരം– രക്തദാനം നടത്തുന്ന ‘ബ്ലഡ് ഡോണേഴ്സ് കേരള’ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ വിനോദ് ഭാസ്കരൻ (47) അന്തരിച്ചു. അദ്ദേഹത്തിന്റെ ആശയമായിരുന്ന ‘ബ്ലഡ് ഡോണേഴ്സ് കേരള’ (ബിഡികെ) എന്ന പ്രസ്ഥാനത്തിന് ഇന്ത്യയിലും യുഎഇലുമായി നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. കെഎസ്ആർടിസി ചങ്ങനാശ്ശേരി ഡിപ്പോയിലെ ബസ് കണ്ടക്‌ടറായിരുന്നു വിനോദ് ഭാസ്കരൻ.
ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമാകാൻ സാധിച്ച അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ സ്വാധീനം യുഎഇയിലും വിലമതിക്കാൻ സാധിക്കാത്തതാണ്. പ്രത്യേകിച്ചും, കോവിഡ്-19 സമയത്ത് അദ്ദേഹത്തിന്റെ സംരംഭം വലിയ ആശ്വാസമാണ് പകർന്നത്. യുഎഇയിൽ മാത്രമായി ഏകദേശം 2,00,000 ജീവൻ രക്ഷിക്കാൻ തങ്ങൾക്ക് സാധിച്ചു എന്നും എല്ലാ വർഷവും 6,000 യൂണിറ്റിലധികം രക്തം ദാനം ചെയ്യുന്നതായും ഒരു യൂണിറ്റിന് മൂന്ന് ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും യുഎഇ ആസ്ഥാനമായുള്ള ബിഡികെ വളണ്ടിയർ ഷിജിത്ത് വിദ്യാസാഗർ പറഞ്ഞു.
കരൾ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ നിന്നുള്ള കെഎസ്ആർടിസി ബസ് കണ്ടക്ടറായ വിനോദ് 2011 ൽ ‘വി ഹെൽപ്പ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് തന്റെ സാമൂഹിക സേവന യാത്ര ആരംഭിച്ചത്. തെരുവുകളിൽ കഴിയുന്നവർക്ക് ഭക്ഷണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു തുടക്കം. 2014 ൽ, രക്തത്തിനായുള്ള അടിയന്തര ആവശ്യം കണക്കിലെടുത്ത് അദ്ദേഹം ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപിച്ചു. ഇത് കേരളം, യുഎഇ അടക്കം മറ്റ് ജിസിസി രാജ്യങ്ങളിലൊന്നാകെ വ്യാപിച്ച ഒരു ചാരിറ്റബിൾ ട്രസ്റ്റായി വളരുകയായിരുന്നു.