തിരുവനന്തപുരം– പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും വിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഏഴു വയസുകാരി നിയാ ഫൈസല്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. മൂന്ന് ഡോസ് വാക്‌സിന്‍ എടുത്ത കുട്ടിക്കാണ് വിഷബാധയുണ്ടായതെന്ന കാര്യം അതീവ ഗുരുതരമാണ്. ഇത് സംസ്ഥാനത്തെ ആദ്യത്തെ സംഭവമല്ലെന്നും സര്‍ക്കാറിന്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കും കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ബലിയാടാവുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
” ഏപ്രില്‍ മാസത്തില്‍ മാത്രം പേ വിഷബാധയേറ്റ് കേരളത്തില്‍ മൂന്ന് കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പേ വിഷബാധയേറ്റ് മരിച്ച 102 പേരില്‍ 20 പേര്‍ക്കാണ് വാക്‌സിനെടുത്തിട്ടും ജീവന്‍ നഷ്ടമായത്. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. ഇതേ സര്‍ക്കാര്‍ തന്നെയാണ് ഗുണനിലവാര പരിശോധന നടത്താത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തതെന്ന് അടുത്തിടെ സി.എ.ജി കണ്ടെത്തിയത്” വി.ഡി സതീഷന്‍ പറഞ്ഞു.
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്നും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. സര്‍ക്കാര്‍ പണം നല്‍കാത്തത് കൊണ്ട് തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങളും പിന്മാറുകയാണ്. പ്രതിപക്ഷം നിയമസഭയില്‍ നിരവധി തവണ വിഷയം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കുന്നില്ല. അതിന്റ ദുരന്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്ന് വി.ഡി സതീഷന്‍ ആരോപിച്ചു. പേവിഷബാധ നിയന്ത്രിക്കാന്‍ മള്‍ട്ടി ഡിസ്പ്ലിനറി രോഗ സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണമെന്നും പിഞ്ചു കുട്ടികളുടെ മരണത്തിന്‍ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.