തിരുവനന്തപുരം– അന്‍വര്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹത്തിന് മുമ്പില്‍ ഐക്യജനാധിപത്യ മുന്നണി വാതില്‍തുറക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഏഷ്യനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ വിനു വി ജോണുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിവി അന്‍വറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല. അന്‍വറിന് മുമ്പില്‍ വാതിലടച്ചത് കൂട്ടായ തീരുമാനമാണ്. വാതില്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ല. ഇനി തീരുമാനം റിവ്യു കമ്മിറ്റിയാണ്. അന്‍വറിനോട് നോ പറഞ്ഞത് ബോധപൂര്‍വ്വം എടുത്ത തീരുമാനമാണ്. നിലമ്പൂര്‍ തെരെഞ്ഞെടുപ്പില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് സഹായകരമായില്ല.
അതേസമയം അന്‍വറിന് മുമ്പില്‍ വാതില്‍ കൊട്ടിയടച്ചതല്ലെന്നും ആവശ്യമെങ്കില്‍ വാതില്‍ തുറക്കാമെന്നുമായിരുന്നു തെരെഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രതികരിക്കവെ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. താനും കുഞ്ഞാലിക്കുട്ടിയും അന്‍വറിനെ അവസാനം വരെ ഉള്‍പ്പെടുത്താനായി ശ്രമിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കുകയുണ്ടായി.