തൃശൂർ– മേധാ പദ്കർ നേതൃത്വം നൽകിയ നർമദ ബച്ചാവോ ആന്തോളൻ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനും പീപ്പിൾസ് വാച്ച് ഉൾപ്പെടെ പ്രസ്ഥാനങ്ങളിലൂടെ മനുഷ്യാവകാശ രംഗത്ത് കർമ്മ നിരതനുമായിരുന്ന വി.ബി. അജയകുമാർ (48) അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരം ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചക്ക് ഒന്ന് മുതൽ നാലു മണി വരെ കൊടുങ്ങല്ലൂരിലെ വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് അഞ്ചിന് കൊടുങ്ങല്ലൂർ ചപ്പാറ ശ്മശാനത്തിൽ.
‘അലയൻസ് ഫോർ ക്ലൈമറ്റ് ഫ്രണ്ട്ലൈൻ കമ്യൂണിറ്റീസ്’ എന്ന എൻ.ജി.ഒയുടെ ഗ്ലോബൽ കൺവീനറായി പ്രവർത്തിച്ചു വരികയായിരുന്നു.
ചിന്തകനും എഴുത്തുകാരനുമാണ്. ദലിത്, ആദിവാസി, പാർശ്വവൽകൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിക്കുന്ന ‘റൈറ്റ്സ്’ എന്ന എൻ.ജി.ഒയുടെ സ്ഥാപകനാണ്. 2018ലെ പ്രളയകാലത്ത് ദലിത്, തീരദേശ മേഖലകളിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി.
നിരവധി ഐക്യരാഷ്ട്ര സഭാ സമ്മേളനങ്ങളിൽ പാർശ്വവൽകൃത സമൂഹങ്ങൾക്കായി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്ത യു എൻ കോപ്പ് 26, കോപ്പ് 28 ഉച്ചകോടികളിൽ പങ്കെടുത്തു.