കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ റിപോര്‍ട്ടര്‍ ടിവി വിട്ട് ഏഷ്യാനെറ്റ് ന്യൂസിലേക്ക്. രണ്ടാം വരവില്‍ ചാനലിന്റെ സീനിയര്‍ കണ്‍സല്‍ട്ടന്റ് എഡിറ്ററായി ഉണ്ണി ഉടന്‍ ചുമതലയേല്‍ക്കും. നേരത്തെ ഏഷ്യാനെറ്റ് ന്യസ്, മാതൃഭൂമി ന്യൂസിലും ഉന്നത എഡിറ്റോറിയല്‍ പദവിയിരുന്ന ഉണ്ണി 2023ലാണ് റിപോര്‍ട്ടര്‍ ടിവിയിലെത്തുന്നത്. ഡിജിറ്റല്‍ വിഭാഗം മേധാവി ചാനലിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യനെറ്റിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന തലത്തിലേക്ക് റിപോര്‍ട്ട് ടിവിയെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
1994ല്‍ കലാകൗമുദിയിലാണ് ഉണ്ണി ബാലകൃഷ്ണന്‍ പത്രപ്രവര്‍ത്തന ജോലി തുടങ്ങുന്നത്. 1996ല്‍ ഏഷ്യനെറ്റ് ന്യൂസില്‍ ചേര്‍ന്നു. 2011 വരെ ഏഷ്യനെറ്റ് ന്യൂസില്‍ ഉണ്ടായിരുന്നു. 1998 മുതല്‍ 2010 വരെ ഡല്‍ഹി ആയിരുന്നു പ്രധാന തട്ടകം. കാര്‍ഗില്‍ യുദ്ധം, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മികച്ച ഗ്രന്ഥകാരന്‍ കൂടിയാണ്.