കോഴിക്കോട്:പ്രമുഖ വാഗ്മിയും കണ്ണൂർ- വാരം ദാറുൽ ബയ്യിന ഖുർആൻ അക്കാദമി ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരിക്ക് സൗദി രാജാവിന്റെ അതിഥിയായി ഈ വർഷത്തെ ഹജ്ജിന് ക്ഷണം ലഭിച്ചു. കെ.എൻ.എം
പ്രതിനിധിയായിട്ടാണ് അവസരം ലഭിക്കുന്നത്. കേരള നദ് വത്തുൽ മുജാഹിദീൻ യുവജന വിഭാഗമായ ഐ എസ് എം സംസ്ഥാന പ്രവർത്തക സമിതി അംഗമായ ഉനൈസ് കേരളത്തിനകത്തും പുറത്തും പ്രഭാഷണ വേദികളിലെ
നിറസാന്നിദ്ധ്യമാണ്. പാപ്പിനിശ്ശേരി ബിലാവളപ്പിൽ കാസിമാണ് പിതാവ്. ഈ മാസം 28 നു ദൽഹിയിൽ നിന്നും അദ്ദേഹം ഹജ്ജിന് പുറപ്പെടും.
ഇന്ത്യയിൽ നിന്നും സൗദി രാജാവിന്റെ അതിഥികളായി പോകുന്നവർക്ക് .27 നു സൗദി എംബസിയിൽ യാത്രയയപ്പ് നൽകും.അമ്പത് പേർക്കാണ് ഇന്ത്യയിൽ നിന്നും അവസരം ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സൗദി രാജാവിന്റെ അതിഥികളായി പ്രമുഖർ ഹജ്ജിന് എത്തുന്നുണ്ട്. രാഷ്ട്രീയ സാമൂഹ്യ, വിദ്യാഭ്യാസ, മത മേഖലയിലെ പ്രമുഖരെയാണ് സൗദി എംബസി വഴി ഹജ്ജിന് തെരഞ്ഞെടുക്കുന്നത്. സൗദി മത കാര്യ മന്ത്രാലയമാണ് കോർഡിനേറ്റ് ചെയ്യുന്നത്. ആധികാരിക മത സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പേരുകൾ നിർദ്ദേശിക്കാൻ സാധിക്കും. ആ പട്ടികയിൽ നിന്നാണ് ഹജ്ജിന് തെരെഞ്ഞെടുക്കാറുള്ളത്. കെ എൻ എം സംസ്ഥാന സമിതി വർഷങ്ങളായി ഈ അവസരം ഉപയോഗിച്ച് വരുന്നു. സൗദി രാജാവ് അതിഥികളുടെ എല്ലാ ചെലവുകളും വഹിക്കും. പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ചക്ക് അവസരം നൽകുകയും ചെയ്യുന്നു. കെ എൻ എം പ്രതിനിധി കൾക്ക് അവസരം നൽകുന്ന സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവർക്കും സൗദി മത കാര്യ മന്ത്രാലയത്തിനും സൗദി എംബസിക്കും പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനിയും ജനറൽ സെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവിയും എംബസി കോഡിനേറ്റർ ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹിയും നന്ദി അറിയിച്ചു.