- മതവിധിയാണ് ഞാൻ പറഞ്ഞത്. കള്ള് കുടിക്കരുതെന്ന് പറഞ്ഞാൽ അത് കുടിക്കുന്നവർക്ക് ഇഷ്ടമാവില്ല. അതേ പോലെ മതവിധി പറഞ്ഞപ്പോൾ അത് പാലിക്കാത്തവർക്ക് ദഹിച്ചില്ലെന്നും ഉമർ ഫൈസി.
- രാഷ്ട്രീയം പലർക്കും വ്യക്തി ജീവിതത്തിലുണ്ടാവാം. എന്നാൽ, സമസ്തക്കുള്ളിൽ രാഷ്ട്രീയം പാടില്ല. ഇതാണ് പൂർവികർ കാണിച്ചുതന്നത്. ഇതാണ് ജിഫ്രി തങ്ങളുടെയും എന്റെയുമെല്ലാം നിലപാട്. സമസ്തയും പാണക്കാട് കുടുംബവും നശിക്കാൻ പാടില്ല. എന്നാൽ, വൻ ചിതലുകൾ കടന്നുകൂടി ലീഗിനെ നശിപ്പിക്കുന്നുവെന്നും ഉമർ ഫൈസി
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി തങ്ങളെ താൻ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും ഖാസി ഫൗണ്ടേഷനെതിരെയാണ് വിമർശം ഉന്നയിച്ചതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായ ഉമർ ഫൈസി മുക്കം പറഞ്ഞു.
ഖാസിയാകാൻ ചില യോഗ്യതകളുണ്ട്. അത് എല്ലാവർക്കും ബാധകമാണ്. സമസ്തയ്ക്ക് ബദലായി സംഘടന രൂപീകരിക്കുന്നതിനെയാണ് കുറ്റപ്പെടുത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഖാസി ഫൗണ്ടേഷന്റെ രൂപീകരണ ലക്ഷ്യമെന്താണ്? താൻ പറഞ്ഞത് മുശാവറയിലെ മുഴുവൻ അംഗങ്ങൾക്കും ബോധ്യമാകുമെന്നും പണ്ഡിതർ പിന്തുണക്കുമെന്നും ഉമർ ഫൈസി അവകാശപ്പെട്ടു.
മതവിധിയാണ് ഞാൻ പറഞ്ഞത്. കള്ള് കുടിക്കരുതെന്ന് പറഞ്ഞാൽ അത് കുടിക്കുന്നവർക്ക് ഇഷ്ടമാവില്ല. ഇതേ പോലെ മതവിധി പറഞ്ഞപ്പോൾ അത് പാലിക്കാത്തവർക്ക് ദഹിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖാസി ഫൗണ്ടേഷൻ വിഭാഗീയത ഉണ്ടാക്കാനാണ്. പാണക്കാട് തങ്ങന്മാർ അതിന് മുന്നിലുണ്ടോ എന്നറിയില്ല. എന്തായാലും ചില തൽപ്പര രാഷ്ട്രീയ കക്ഷികളോ മറ്റൊ ആണതിന് പിന്നിൽ. സമസ്തയുടെ അധികാരത്തിന് ക്ഷീണം തട്ടിപ്പിക്കാനുള്ള ഒരു നടപടിയാണ് ഖാസി ഫൗണ്ടേഷൻ. അത് സംശയം ഉളവാക്കുന്നുണ്ട്.
സമസ്തയിൽ യോജിപ്പുണ്ടാക്കാനാണ് സമസ്തയിലുള്ളവർ ശ്രമിക്കേണ്ടത്. ഭിന്നിപ്പുണ്ടാക്കാനാവരുത്. സമസ്തയിൽ ആരും അതിന്റെ ഭരണഘടനയ്ക്ക് മുകളിലല്ല. എല്ലാവരുടെയും സ്ഥാനം അതിന് താഴെയാണ്. അതിനാൽ സമസ്തയ്ക്കും അതിന്റെ തീരുമാനങ്ങൾക്കുമെതിരേ ഉമർ ഫൈസി എന്നല്ല ആര് നിന്നാലും പരിശോധിച്ച് നടപടി എടുക്കണം.
രാഷ്ട്രീയം പലർക്കും വ്യക്തി ജീവിതത്തിലുണ്ടാവാം. എന്നാൽ, സമസ്തക്കുള്ളിൽ രാഷ്ട്രീയം പാടില്ല. ഇതാണ് പൂർവികർ കാണിച്ചുതന്നത്. ഇതാണ് ജിഫ്രി തങ്ങളുടെയും എന്റെയുമെല്ലാം നിലപാട്. ഓരോരുത്തർക്കും വ്യക്തിപരമായ രാഷ്ട്രീയം ഉണ്ടാവാം. ഉണ്ടാവാതിരിക്കാം. അത് അവരുടെ ഇഷ്ടം. പക്ഷേ, സമസ്തക്കുള്ളിൽ രാഷ്ട്രീയമില്ല.
ഇപ്പോൾ ഓരോരുത്തരും അവരവർക്ക് പറ്റാത്തത് കാണുമ്പോൾ ചാപ്പ കുത്തുകയാണ്. അവർ ചെയ്യാൻ പറ്റാത്തത് കാണുമ്പോൾ നാം വിമർശിക്കും. അപ്പോൾ അവർ ലീഗിന് എതിരാണെന്ന് ചാപ്പയടിക്കുകയാണ്. ഞാൻ ലീഗ് വിരുദ്ധനല്ല, നല്ലത് ചെയ്യുന്നവരോട് സഹകരിക്കുന്നതാണ് നയം. തിന്മകൾ ആര് ചെയ്താലും അതിനെ എതിർക്കും. എടവണ്ണപ്പാറയിലെ തന്റെ പ്രസംഗം സമസ്തയുടെ നയമാണ്. ആ പറഞ്ഞതിൽ ഉറച്ചുനിൽക്കും.
തന്നെ വിമർശിക്കുന്ന മുസ്‌ലിം ലീഗിന്റെ താൽപര്യം എന്തെന്നറിയില്ല. തന്നെ കമ്മ്യൂണിസ്റ്റുകാരനാക്കാനാണവർ നോക്കിയത്. ലീഗിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി, വഹാബി-മുജാഹിദ് നേതാക്കളാണ്. മുജാഹിദ് കുടുംബാംഗമാണ് പി.എം.എ സലാം. ആ സ്വാധീനം ലീഗിനെ ബാധിച്ചതായും ഉമർ ഫൈസി കുറ്റപ്പെടുത്തി.
ജിഫ്രി തങ്ങളെയും തന്നെയും സലാം മോശമായി പറയുന്നു. സമസ്ത പ്രതിഷേധം അറിയിച്ചിട്ടും പി.എം.എ സലാമിനെതിരെ ലീഗ് നടപടി എടുത്തില്ല. തങ്ങൾ പരമ്പര ഇല്ലെന്ന് പറയുന്നവരാണ് വഹാബികൾ. ശിർക്കിന്റെ പിന്തുടർച്ചക്കാർ എന്ന് പറഞ്ഞ് പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ചവരാണ് അവർ. സമസ്തയും പാണക്കാട് കുടുംബവും നശിക്കാൻ പാടില്ല. വൻ ചിതലുകൾ കടന്നുകൂടി ലീഗിനെ നശിപ്പിക്കുന്നുവെന്നും ഉമർ ഫൈസി ആരോപിച്ചു.
സി.ഐ.സി വിഷയത്തിൽ ഹക്കീം ഫൈസിയുമായി ഒരു ബന്ധവും പാടില്ലെന്ന് സമസ്ത നിർദേശിച്ചു. എന്നാൽ, സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും അത് ഉൾക്കൊണ്ടില്ല. അതാണ് പ്രശ്‌നങ്ങൾക്ക് കാരണം. സമസ്തയുടെ നിർദേശം ലംഘിച്ചത് വെല്ലുവിളിയായി കാണുന്നുവെന്നും ഉമർ ഫൈസി ചൂണ്ടിക്കാട്ടി.