കല്‍പ്പറ്റ: നിര്‍മാണ, ആതിഥ്യ മേഖലകളിലെ പ്രമുഖ സ്ഥാപനമായ യുബി ഡവലപ്പേഴ്‌സ് വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ ബാണാസുരസാഗര്‍ റിസര്‍വോയറിനു അഭിമുഖമായി 150 കോടി രൂപ ചെലവില്‍ ഇന്റര്‍നാഷണല്‍ ടൂറിസം ടൗണ്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലും വില്ലകളും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടുന്നതാണ് പദ്ധതിയെന്ന് യുബി ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഉബൈസ് സിദ്ദിഖ്, യുഎഇയില്‍നിന്നുള്ള അലി ഹസന്‍ സുലൈമാന്‍ അല്‍ ഷെഹനി, അബ്ദുള്ള മുഹമ്മദ് അലി അല്‍ദങ്കി, റാഷിദ് സയീദ് റാഷിദ് അബാദ് അല്‍ ഷെഹനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
11 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. വൈകാതെ തുടങ്ങുന്ന പ്രവൃത്തി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. പരിസ്ഥിതി സൗഹൃദ നിര്‍മാണമാണ് നടത്തുക. അന്തര്‍ദേശീയ കോണ്‍ഫറന്‍സ്, ഡെസ്റ്റിനേഷന്‍ വെഡിംഗ്, കോര്‍പറേറ്റ് ഇവന്റ്, വെല്‍നെസ് റിട്രീറ്റ് തുടങ്ങിയവയ്ക്കു സൗകര്യം ടൗണ്‍ഷിപ്പില്‍ ഉണ്ടാകും.
മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉപജീവനമാര്‍ഗം നഷ്ടമായതില്‍ ഏതാനും പേര്‍ക്ക് യോഗ്യതയ്ക്കനുസരിച്ച് ടൗണ്‍ഷിപ്പില്‍ ജോലി ലഭ്യമാക്കും. 100 പേര്‍ക്ക് നേരിട്ടും അതിലധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ വയനാടുമായി ബന്ധപ്പെട്ട് പുറംലോകത്ത് സംരംഭകരിലും സഞ്ചാരികളിലും അടക്കം സൃഷ്ടിച്ച ആശങ്ക അകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും പനമരം കൈതയ്ക്കല്‍ സ്വദേശിയായ ഉബൈസ് സിദ്ദിഖ് പറഞ്ഞു.