ജിദ്ദ: ഹജ് പെർമിറ്റില്ലാത്ത 87 വിസിറ്റ് വിസക്കാർക്ക് മക്കയിൽ വാടകക്കെടുത്ത രണ്ടു കെട്ടിടങ്ങളിൽ താമസസൗകര്യം ഏർപ്പെടുത്തി നൽകിയ രണ്ടംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി ഹജ് നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ മക്കയിൽ നിയമ വിരുദ്ധമായി തങ്ങിയവർക്കാണ് കിർഗിസ്ഥാൻകാരായ രണ്ടംഗ സംഘം അഭയം നൽകിയത്.
വിസിറ്റ് വിസക്കാർക്ക് തസ്‌രീഹ് ഇല്ലാതെ ഹജ് നിർവഹിക്കാൻ ആവശ്യമായ താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായങ്ങളും ചെയ്തുകൊടുക്കുമെന്ന് അവകാശപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും പരസ്യം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി രണ്ടു പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പെർമിറ്റില്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിച്ചതിനും വിസാ കാലാവധിക്കു ശേഷം മക്കയിൽ തങ്ങിയതിനും നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ വിസിറ്റ് വിസക്കാരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഹജ് തട്ടിപ്പ് നടത്തിയ മറ്റു രണ്ടു ഇന്തോനേഷ്യക്കാരെയും മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അനധികൃത രീതിയിൽ ഹജ് നിർവഹിക്കാൻ ആവശ്യമായ സഹായസൗകര്യങ്ങളും പുണ്യസ്ഥലങ്ങളിൽ താമസ, യാത്രാ സൗകര്യങ്ങളും ഏർപ്പെടുത്തി നൽകുമെന്ന് അവകാശപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് സംഘം തട്ടിപ്പുകൾ നടത്തിയത്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഹജ് പെർമിറ്റില്ലാത്ത 61 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച് ഹജ് സുരക്ഷാ സേനയുടെ പിടിയിലായ 15 പേരെ ഇത്തരം നിയമ ലംഘനങ്ങൾ പരിശോധിച്ച് വിധി പ്രസ്താവിക്കുന്ന സീസണൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എട്ടു സൗദി പൗരൻമാർക്കും ഏഴു വിദേശികൾക്കുമാണ് ശിക്ഷ. ഇവർക്ക് തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്തി പത്തു വർഷത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്താനും വിധിയുണ്ട്. ഹജ് പെർമിറ്റില്ലാത്തവരെ കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടാനും തീരുമാനമുണ്ട്. തസ്‌രീഹ് ഇല്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിച്ച് മക്കയിലേക്ക് കടക്കുന്നതിനിടെ പിടിയിലായവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.