തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു.
സംഭവത്തിൽ അജിത, മഹേശ്വരി, സിന്ധു എന്നി മൂന്ന് ആയമാരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തതായി മ്യൂസിയെ പോലീസ് അറിയിച്ചു. ശിശുക്ഷേമ സമിതി ജനറൽസെക്രട്ടറിയുടെ പരാതിയാലാണ് അറസ്റ്റ്. അറസ്റ്റിലായ മൂന്ന് ആയമാരും വർഷങ്ങളായി ഇവിടെ ജോലി ചെയ്തുവരുന്ന താത്കാലിക ജോലിക്കാരാണെന്നാണ് വിവരം.
ആശ്രയമില്ലാത്ത നൂറിലധികം കുട്ടികൾ താമസിക്കുന്ന ശിശുക്ഷേമ സമിതിയിൽ വച്ചുതന്നെ ഒരു കുഞ്ഞിന് ഇത്തരമൊരു ക്രൂരത നേരിടേണ്ടി വന്നത് എല്ലാവരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. രണ്ടുദിവസം മുമ്പാണ് കേസിനാസ്പാദമായ സംഭവമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം കുഞ്ഞിനെ മറ്റൊരു ആയ കുളിപ്പിച്ചപ്പോൾ കുഞ്ഞ് വല്ലാതെ കരയുകയായിരുന്നു. സംശയം തോന്നി ജീവനക്കാർ ഉടനെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയെ വിവരമറിയിച്ചു. തുടർന്ന് കുഞ്ഞിനെ തൈക്കാടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഈ പരിശോധനയിലാണ് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ഗുരുതര പരുക്കുണ്ടെന്ന് മനസിലായത്. തുടർന്ന് ശിശുക്ഷേമ സമിതി ജനറൽസെക്രട്ടറി വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തി വിവിരം പോലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞിനെ ഉപദ്രവിച്ചതിനും ക്രൂരത മറച്ചുവച്ചതിനുമാണ് കേസെടുത്തത്.
സംഭവത്തിൽ വിശദീകരണം തേടിയതായി ബാലാവകാശ കമ്മിഷൻ കെ.വി മനോജ് കുമാർ പറഞ്ഞു. കുഞ്ഞ് സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചെറിയ വീഴ്ചകൾ പോലും ഉണ്ടാകാൻ പാടില്ലെന്നും സംഭവത്തിൽ കർക്കശമായ നടപടികളുണ്ടാകുമെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു.