കൊണ്ടോട്ടി: എ.ആർ നഗർ പഞ്ചായത്ത്, ഹയർ സെക്കന്ററി സ്കൂൾ, വില്ലേജ് ഓഫീസ്, കൃഷി ഭവൻ തുടങ്ങിയ ഓഫീസുകളെ ബന്ധിപ്പിക്കുന്ന വി.കെ പടി യാറത്തുംപടി ടിപ്പുസുൽത്താൻ റോഡ് റബറൈസ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി.
റബറൈസ് ചെയ്യുന്നതിനുള്ള വീതിയും സൗകര്യവുണ്ടായിട്ടും വർഷങ്ങളായി യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ അനാസ്ഥ കാരണം ഇപ്പോഴും ഏച്ചുകെട്ടി മുന്നോട്ട് പോകുന്നത് നാടിന് അപമാനമാണെന്ന് കമ്മിറ്റി ആരോപിച്ചു.
ഇപ്പോൾ ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് നടുകെ മുറിച്ചിരിക്കുന്നതിനാല്‍ അതിലൂടെയുള്ള യാത്ര ദുഷ്കരമാണ്. ഇത് വാഹനങ്ങള്‍നാശമാകുന്നതിനും കാരണമാകുന്നുണ്ട്.
കട്ടപ്പാടത്ത് കൂടിയുള്ള യാത്രയാണ് ഓര്‍മിപ്പിക്കുന്നതെന്നും കമ്മിറ്റി ആരോപിച്ചു. ഇതൊക്കെ നോക്കി നിൽക്കാനേ പഞ്ചായത്തധികാരികൾക്ക് സാധിക്കുന്നുള്ളൂ.
അധികാര വടംവലി മൂലം 2023-24 വർഷം രണ്ട് കൊടിയോളം രൂപ പദ്ധതി വിഹിതം ലാപ്സാക്കി. നികുതി വാങ്ങുകയും അതുപയോഗിക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന അധികൃതര്‍ക്കെതിരെ തിരിച്ചറിയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഐ.എന്‍.എല്‍ പഞ്ചായത്ത് സെക്രട്ടറി റഫീഖ് കോളക്കാട്ടിൽ അലിഹസ്സൻ സമദ് സലാം കുട്ടൻ മുനീർ അബുസാദിക് മൗലവി തുടങ്ങിയവർ പങ്കെടുത്തു.