പത്തനംതിട്ട: എഡിജിപി എം.ആർ.അജിത്കുമാറിന്റെ ശബരിമല സന്ദർശനം വിവാദമായി. നിയമവിരുദ്ധമായി ട്രാക്ടറിൽ ശബരിമലയിലേക്ക് യാത്ര ചെയ്തുവെന്നാണ് ആരോപണം. ചരക്ക് നീക്കത്തിനു മാത്രം ഉപയോഗിക്കാവുന്ന ട്രാക്ടറിൽ ആളുകൾ കയറരുതെന്ന ഹൈക്കോടതിയുടെ കർശന നിർദേശം അജിത്കുമാർ ലംഘിച്ചതായി ആക്ഷേപമുയർന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചതായാണ് സൂചന. ശബരിമല സ്പെഷൽ കമ്മിഷണർ ദേവസ്വം വിജിലൻസിനോട് ഈ വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രി പമ്പയിൽനിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിൽ യാത്ര ചെയ്തതായി സൂചനയുണ്ട്. ക്യാമറകൾ ഇല്ലാത്ത പ്രദേശത്ത് നിന്നാണ് ട്രാക്ടറിൽ കയറിയതെന്നും വിവരം. റിപ്പോർട്ട് ലഭിച്ച ശേഷം സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ വിവരമറിയിക്കും.
മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ശബരിമല നട തുറന്നിരുന്നു. ഈ സമയത്താണ് എഡിജിപി ദർശനത്തിനായി ശബരിമലയിലെത്തിയത്.