കൊച്ചി- ടി.കെ അഷ്റഫിന് എതിരായ നടപടി പിൻവലിക്കണമെന്നും അധ്യാപകർക്ക് അഭിപ്രായം പറയാൻ അവകാശമില്ലേയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വടകര തെരഞ്ഞെടുപ്പ് കാലത്ത് കാഫിർ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്ത അധ്യാപകനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലല്ലോ. സി.പി.എം ആയതുകൊണ്ടാണ് അധ്യാപകനെതിരെ അന്ന് നടപടി സ്വീകരിക്കാതിരുന്നത്.
അഷ്റഫിനെതിരായ നടപടി അംഗീകരിക്കാനാകില്ല. ഒരു കാരണവശാലും ഇത്തരത്തിൽ നടപടി സ്വീകരിക്കാൻ പാടില്ല. പലർക്കും പല വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയാണ്. ഇത് ഒന്നും കേരളത്തിന് നല്ലതല്ല. തിരുവനന്തപുരത്തിരുന്ന് മാനേജ്മെന്റിനെ പേടിപ്പിച്ചാണ് നടപടി എടുപ്പിച്ചത്. രാജ്യത്ത് പലർക്കും പല അഭിപ്രായങ്ങളുണ്ടാകുമെന്നും വി.ഡി സതീശൻ പറഞ്ഞു.
സൂംബ ഡാൻസിനെ എതിർത്ത് സംസാരിച്ചതിന് മുജാഹിദ് വിസ്ഡം നേതാവ് കൂടിയായ ടി.കെ അഷ്റഫിനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തിരുന്നു. ഇതുസംബന്ധിച്ചുള്ള ചോദ്യത്തിനാണ് വി.ഡി സതീശൻ ഇക്കാര്യം പറഞ്ഞത്.