മലപ്പുറം– കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ ആളെക്കൊല്ലി കടുവ 53ാം ദിവസം വനം വകുപ്പിന്റെ കെണിയില്‍. കരുവാരക്കുണ്ട് പാന്ത്രയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. അടുത്ത കാലത്ത് നടത്തിയ ഏറ്റവും വലിയ കടുവ ദൗത്യമാണിത്. മെയ് അവസാനത്തിൽ കടുവക്കായി വെച്ച കെണിയിൽ പുലി കുടുങ്ങിയിരുന്നു. കേരള എസ്റ്റേറ്റ് സി വണ്‍ ഡിവിഷനില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ പാലത്തിങ്ങലിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലി(44) കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുഹൃത്തായ അബ്ദുല്‍ സമദിന്റെ മുമ്പില്‍ നിന്നാണ് കടുവ ഗഫൂറിനു മേല്‍ ചാടി വീണ് കഴുത്തിന് കടിച്ചുകൊണ്ടു പോയത്.
അതേസമയം കടുവയെ കാട്ടിലേക്ക് വീണ്ടു തുറന്നുവിടാന്‍ സമ്മതിക്കില്ലെന്ന് അറിയിച്ച് കടുവ കെണിയില്‍ കുടുങ്ങിയ സ്ഥലത്ത് വന്‍ജനക്കൂട്ടമാണ് തടിച്ചു കൂടിയിരിക്കുന്നത്. കാട്ടിലേക്ക് തുറന്നു വിട്ടാല്‍ ഇനിയും ആളുകളെ ഉപദ്രവിക്കുന്നതുള്‍പ്പെടെയുള്ള ആശങ്കകളാണ് നാട്ടുകാര്‍ പങ്കുവെക്കുന്നത്. എന്നാല്‍ കടുവയെ ഉടന്‍ കാട്ടിലേക്ക് വിടില്ലെന്നും വനം വകുപ്പ് സംരക്ഷണയില്‍ സൂക്ഷിക്കുമെന്നും വിദഗ്ദാഭിപ്രായത്തിനു ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതി സംസ്ഥാം തയാറാക്കിയ കരട് പരിശോധനക്കായി അയച്ചു. ഇപ്പോഴത്തെ പരിധിയില്‍ സംസ്ഥാന സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന നിയമ നിര്‍മാണത്തെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.