കോട്ടയം – എസ്ഡിപിഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ സമിതി അംഗവുമായിരുന്ന തുളസീധരൻ പള്ളിക്കൽ മുസ്ലിം ലീഗിൽ ചേർന്നു. കോട്ടയത്ത് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിൽ നിന്നും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. എസ്ഡിപിഐയുടെ സമുന്നത നേതാക്കളിൽ ഒരാളായിരുന്ന തുളസീധരന്റെ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസമാണ് ഇതിനു കാരണമെന്നാണ് വിവരം. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തിയത് ബിജെപിക്ക് ഗുണകരമാകുമെന്ന് തുളസീധരൻ പരസ്യ നിലപാടെടുത്തിരുന്നു. സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടത് പാർട്ടിയെ പ്രതിരോധത്തിലാക്കി. വർഗീയ ശക്തികളെ തടയാൻ മഞ്ചേശ്വരത്ത് മതേതര വോട്ടുകൾ ഭിന്നിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഈ പ്രസ്താവനയെത്തുടർന്ന് പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ച് തുളസീധരനെ നേരത്തെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. വിവാദ പ്രസ്താവനയിൽ പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും നേതൃത്വവുമായുള്ള അകൽച്ച പരിഹരിക്കപ്പെട്ടില്ല. ഒടുവിലാണ് എസ്ഡിപിഐയുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ച് അദ്ദേഹം മുസ്ലിം ലീഗിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് താൻ ലീഗിൽ ചേർന്നതെന്ന് അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി.



