കോട്ടയം – കോട്ടയത്തെ വിവാദമായ ആകാശപാതയ്ക്കെതിരെ വകുപ്പുമന്ത്രിയും സിപിഎമ്മും നിലപാടെടുത്തതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രത്യക്ഷ സമരത്തിന്. കഴിഞ്ഞ എട്ടുവർഷമായി നിർമ്മാണം മുടങ്ങിയ കോട്ടയം തിരുനക്കരയിലെ ആകാശപാതയ്ക്ക് താഴെയാണ് കോട്ടയം എംഎൽഎ കൂടിയായ തിരുവഞ്ചൂർ സമരം നടത്തുന്നത്. ജൂലൈ 6 നാണ് ഉപവാസ സമരം.
ആകാശപാതയുടെ പണിപുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ചിരുന്നു. അതിനുള്ള മറുപടിയിലാണ് കോട്ടയത്തെ തിരുവഞ്ചൂരിന്റെ സ്വപ്ന പദ്ധതി നടപ്പാക്കാൻ ഒരു വഴിയുമില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ തുറന്നടിച്ചത്. ഇതിന് പിന്നാലെ കോട്ടയത്തെ സി.പി.എം നേതാക്കളും വാർത്താ സമ്മേളനം നടത്തി ആകാശപാത അപ്രായോഗികമാണെന്ന് പ്രസ്താവിച്ചിരുന്നു. പാത പൊളിച്ചു കളയണമെന്ന്ന നേരത്തെ തന്നെ സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചത്. ആകാശപാത മുടക്കുന്നത് എന്തിനെന്ന് അറിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആകാശപാത നടപ്പാക്കില്ലെന്ന് സിപിഎം ആണ് നിലപാട് എടുത്തത്. സി.പി.എമ്മിന് കുട്ടികളുടെ പിടിവാശി ആണ്. ജൂലൈ 6 ന് ആകാശപ്പാതയ്ക്ക് കീഴിൽ ഉപവാസം നടത്തും. കോട്ടയം ജനതയുടെ വലിയ പ്രതീക്ഷ ആണ് പാത.
എല്ലാവരും ഒരുമിച്ച് ഇതിന് വേണ്ടി ശ്രമിക്കണം. പദ്ധതി നടക്കാതെ ഇരിക്കാൻ ഉള്ള തടസം വാദം ആണ് സിപിഎം നടത്തുന്നത്. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ല. അത് ഫയൽ പരിശോധിച്ചാൽ മനസിലാകും. ബിനാലെ കലാസൃഷ്ടി എന്നൊക്കെ ഗതാഗത മന്ത്രി നിയമസഭയിൽ പറയുന്നത് കോട്ടയം നിവാസികളെ അപമാനിക്കാനാണ്. മന്ത്രിക്ക് പെട്ടെന്ന് ഉണ്ടായ വികാരമാണിതെന്നും തിരുവഞ്ചൂർ പറഞ്ഞു.