തിരുവനന്തപുരം: ഏറെ വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയ തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപോർട്ട് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാർ സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ചു.
ഒരാഴ്ചക്കകം നൽകേണ്ട റിപോർട്ടാണ് അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസത്തിനു ശേഷം രാഷ്ട്രീയ വിവാദങ്ങൾ കത്തിപ്പടരവെ എ.ഡി.ജി.പി, ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന് കൈമാറിയത്. 600 പേജുള്ള റിപോർട്ട് സീൽഡ് കവറിൽ മെസഞ്ചർ വഴിയാണ് സമർപ്പിച്ചത്. ഈ റിപോർട്ട് ഡി.ജി.പി ഇനി തുടർ നടപടികൾക്കായി മുഖ്യമന്ത്രിക്ക് കൈമാറും.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം അഞ്ചു മാസമായിട്ടും എങ്ങുമെത്തിയില്ലെന്ന് ഇന്നും വിമർശങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ, ഈമാസം 24-നകം റിപോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ശനിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എ.ഡി.ജി.പി അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപോർട്ട് ഡി.ജി.പിക്ക് കൈമാറിയത്.
എം.ആർ അജിത് കുമാർ തൃശൂരിലുള്ളപ്പോഴാണ് പൂരം അലങ്കോലമായത്. ഇതുമായി ബന്ധപ്പെട്ട് നാല് പരാതികളാണ് മുഖ്യമന്ത്രിക്കു ലഭിച്ചിരുന്നത്. ഇത് പിന്നീട് ഡി.ജി.പിക്ക് കൈമാറുകയായിരുന്നു.