കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ്‌ചെയ്തു. ഷാലിഫ് മുഹമ്മദ് എന്നൊരാളും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫളാറ്റിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നോടെയാണ് മൂന്ന് പേരെയും പിടികൂടിയത്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരിൽനിന്നും പിടിച്ചെടുത്തു.
മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് പ്രതികരിച്ചു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് മൂന്നുപേരും ഫളാറ്റിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന. പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അനുരാഗ കരിക്കിൻ വെള്ളം, തല്ലുമാല, ഉണ്ട, ലവ്, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാന തിയറ്ററുകളിൽ നിറഞ്ഞോടുന്നതിനിടെയാണ് സംവിധായകന് കഞ്ചാവ് കേസിൽ പിടിവീണത്. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.
നടൻ ഷൈൻ ടോം ചാക്കോ വിവാദത്തിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് ലഹരിവ്യാപനം വ്യാപക ചർച്ചയാകുന്നതിനിടെയാണ് സംവിധായകരുടെ അറസ്റ്റ് ഉണ്ടിയിരിക്കുന്നത്. ഈ മേഖലയിൽ ഉൾപ്പടെ കൂടുതൽ റെയ്ഡുകൾക്കും തുടർ നടപടികളിലേക്കും നീങ്ങുകയാണ് എക്‌സൈസ്, പോലീസ്, ഡാൻസാഫ് സംഘങ്ങൾ.