കണ്ണൂർ – പാനൂർ ബോംബ് നിർമാണ കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ കൂടി അറസ്റ്റിൽ.
വടകര മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്, ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.
ബോംബ് നിർമിക്കാനുളള വെടിമരുന്ന് വാങ്ങിയത് ബാബുവിൽ നിന്നെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സ്റ്റീൽ ഡപ്പികൾ ഒന്നാം പ്രതിയാണ് വാങ്ങിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രജിലേഷും ജിജോഷും വെടിമരുന്ന് വാങ്ങി മുഖ്യപ്രതികൾക്ക് കൈമാറിയെന്ന് പോലീസ് പറയുന്നു.
രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലാണ്. മറ്റു പ്രതികൾ റിമാൻഡിലാണുള്ളത്. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത പോലീസ് ഏറെ നേരം ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group