കൊച്ചി: ആലുവയില്‍ മൂന്നര വയസ്സുകാരിയെ അമ്മ ചാലക്കുടിപ്പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടി പിതാവിന്റെ സഹോദരനിൽനിന്ന് അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും രക്തസ്രാവവും കണ്ടെത്തി. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസവും കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. പ്രകൃതിവിരുദ്ധ പീഡനവും നടന്നതായി റിപ്പോർട്ടുകൾ.
പിതൃസഹോദരനെതിരെ ബലാത്സംഗം, ബിഎന്‍എസ് ആക്ട്, ബാലാവകാശ നിയമം എന്നിവ പ്രകാരം കേസെടുക്കും. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അമ്മ നല്‍കിയ വിവരങ്ങളാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 3:30ന് അങ്കണവാടിയില്‍നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ അമ്മ, 6:30ന് ചാലക്കുടിപ്പുഴയില്‍ എറിയുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളും രക്തസ്രാവവും കണ്ടെത്തിയതായി എറണാകുളം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണ്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പീഡന സംശയം ഉയര്‍ന്നതോടെ, എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അമ്മയെ വീണ്ടും ചോദ്യം ചെയ്തു. തുടര്‍ന്ന് പുത്തന്‍കുരിശ് പൊലീസ് മൂന്ന് ബന്ധുക്കളെ ചോദ്യം ചെയ്‌തെങ്കിലും, പിതൃസഹോദരന്‍ കുറ്റം സമ്മതിച്ചില്ല. എന്നാല്‍, ഇയാളുടെ ഫോണ്‍ പരിശോധനയില്‍ ലൈംഗിക വൈകൃതം സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍, ഒന്നര വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചു.
കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം പ്രതി മുതലെടുക്കുകയായിരുന്നു. അമ്മയുടെ മാനസികാസ്വാസ്ഥ്യം സംബന്ധിച്ച തര്‍ക്കങ്ങളും വീട്ടില്‍ പതിവായിരുന്നു.
നിലവില്‍ കാക്കനാട് ജില്ലാ ജയിലിലുള്ള അമ്മയെ കസ്റ്റഡിയില്‍ എടുക്കുന്നതോടെ കൊലപാതകത്തിന്റെ പിന്നിലെ കാരണങ്ങള്‍ കൂടുതല്‍ വ്യക്തമാകും. കുട്ടി പീഡിപ്പിക്കപ്പെട്ട വീട്ടില്‍ ഫൊറന്‍സിക് പരിശോധന നടക്കുന്നു.