തിരുവനന്തപുരം – ഛർദിയും വയറിളക്കവുമായി അവശനിലയിൽ മെഡിക്കൽ കോളജിൽ ചികിത്സ തേടിയ വിദ്യാർത്ഥി മരിച്ചു. നെയ്യാറ്റിൻകര മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസിൽ അനിൽ രാജ് – പ്രിജി ദമ്പതികളുടെ മകനും ധനുവച്ചപുരം എൻ.കെ.എം ജി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായിരുന്ന അലനാ(16)ണ് മരിച്ചത്. ഹയർ സെക്കൻഡറി പ്രവേശത്തിന് കാത്തിരിക്കെയാണ് പുലർച്ചെ നാടിനെയും കുടുംബത്തെയും ഞെട്ടിച്ച അപ്രതീക്ഷിത മരണമുണ്ടായത്.
സംഭവത്തിൽ മാരായമുട്ടം പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. വിഷം അകത്തു ചെന്നതിനെ തുടർന്നു മരിച്ചുവെന്നാണ് പോലീസിന്റെ എഫ്.ഐ.ആറിലുള്ളത്. എന്നാൽ, മരണകാരണം വ്യക്തമല്ലെന്നും ഭക്ഷ്യവിഷബാധയാണോ മറ്റെന്തെങ്കിലുമാണോ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപോർട്ടിലൂടെ മാത്രമേ വ്യക്തമാകൂവെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
വ്യാഴാഴ്ച ഫുട്‌ബോൾ കളിക്കിടെ അലന്റെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ളു തറച്ചിരുന്നു. വേദനയുണ്ടായെങ്കിലും ചികിത്സ തേടാതെ അടുത്ത ദിവസം തന്നെ അലൻ തമിഴ്‌നാട്ടിലേക്കു യാത്ര പോകുകയായിരുന്നു. മടങ്ങിയെത്തിയപ്പോൾ ഛർദിയും വയറിളക്കവും മൂലം അവശനായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group