ആലപ്പുഴ: “പെരുന്തച്ചൻ” എന്ന ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമയിൽ ചിരപ്രതിഷ്ഠ നേടിയ അനശ്വര ചലച്ചിത്രകാരൻ തോപ്പിൽ അജയൻറെ സ്മരണാർത്ഥം ആരംഭിച്ച തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ രണ്ടാമത് വാർഷികം ആഘോഷിച്ചു. ആലപ്പുഴ വള്ളികുന്നത്തുള്ള തോപ്പിൽ അജയൻറെ വസതിയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ഫിലിം സൊസൈറ്റി വൈസ് പ്രസിഡൻറ് അഡ്വ.ആർ.ഉല്ലാസ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം സിനിമാ കാലാരംഗത്തു നിന്ന് വിടപറഞ്ഞ പ്രതിഭകളെ ഫിലിം സൊസൈറ്റി ജോയിൻറ് സെക്രട്ടറി റെജി പണിക്കർ അനുസ്മരിച്ചു. തോപ്പിൽ അജയൻറെ സഹധർമ്മിണിയും ഫിലിം സൊസൈറ്റി സെക്രട്ടറിയുമായ ഡോ.സുഷമ അജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.ഷാജി വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. സിനിമാ സംവിധായകനും ഫിലിം സൊസൈറ്റി പ്രസിഡൻറുമായ നൂറനാട് രാമചന്ദ്രൻ, റാഫി കാമ്പിശ്ശേരി,അഡ്വ. എൻ.എസ്.ശ്രീകുമാർ, കെപിഎസി ചന്ദ്രശേഖരൻ, ചാരുംമ്മൂട് പുരുഷോത്തമൻ, സലിം കുമാർ പനത്താഴ , ടി.ആർ.ബാബു എന്നിവർ സംസാരിച്ചു. ഡോ.സുഷമ അജയൻ സ്വാഗതവും അജയൻ പോക്കാട്ട് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പ്രമോദ് പയ്യന്നൂർ (രക്ഷാധികാരി), നൂറനാട് രാമചന്ദ്രൻ (പ്രസിഡൻ്റ് ), അഡ്വ.ആർ.ഉല്ലാസ് (വൈസ് പ്രസിഡൻറ്), ഡോ.സുഷമ അജയൻ (സെക്രട്ടറി), റെജി പണിക്കർ (ജോയിൻറ് സെക്രട്ടറി), അജയൻ പോക്കാട്ട് (ട്രഷറർ) എന്നിവരെയും റാഫി കാമ്പിശ്ശേരി, കെപിഎസി ചന്ദ്രശേഖരൻ, ചാരുംമ്മൂട് പുരുഷോത്തമൻ, അഡ്വ.എൻ.എസ്.ശ്രീകുമാർ, പി.ഷാജി, സലിം കുമാർ പനത്താഴ, എസ്.മോഹനൻ പിള്ള, അഡ്വ.ഗീത സലിം, അനിൽ മംഗലത്ത്, എ.ജി.ഹരികൃഷ്ണൻ, രഞ്ജിത്ത് കൃഷ്ണ, ജി.മോഹനൻ പിള്ള എന്നിവർ അംഗങ്ങളായ പ്രവർത്തക സമിതിയെയും വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ മകനും ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ വേറിട്ട സിനിമാ സംവിധായകനുമായിരുന്ന തോപ്പിൽ അജയൻറെ സിനിമാ സ്വപ്നങ്ങളും ഉന്നതമായ കലാമൂല്യങ്ങളും ഉയർത്തിപിടിക്കുന്ന ഫിലിം സൊസൈറ്റി നല്ല സിനിമകളുടെ പ്രദർശനത്തിനും ചർച്ചകൾക്കും വേദിയൊരുക്കുകയും കുട്ടികൾക്കും യുവാക്കൾക്കുമായി സിനിമാ പരിശീലനം നൽകുന്ന ശിൽപശാലകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഫിലിം സൊസൈറ്റി പ്രസിഡൻറ് നൂറനാട് രാമചന്ദ്രനും സെക്രട്ടറി ഡോ.സുഷമ അജയനും പറഞ്ഞു.