കോട്ടയം/തൃശൂർ: കോട്ടയം തിരുവാതുക്കൽ ദമ്പതികളെ കൊന്ന കേസിലെ പ്രതി അസം സ്വദേശി അമിത് ഉറാങ് പിടിയിൽ. തൃശൂർ മാളയിലെ മേലഡൂരിൽനിന്നാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ടവരുടെ വീട്ടിലെ മുൻ ജോലിക്കാരനായിരുന്നു. സ്വഭാവദൂഷ്യത്തിന് ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. ഇതിനു മുമ്പ് അമിത് വീട്ടിൽ നിന്ന് വിലകൂടിയ ഫോൺ മോഷ്ടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി വീണ്ടും വീട്ടിലെത്തി ബഹളം വെക്കുകയും മതിൽ ചാടിക്കടക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച വിരലടയാളം കൊലക്കേസിൽ നിർണായകമായെന്നും പോലീസ് പറഞ്ഞു.
പ്രതി കുരുക്കിലായത് കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോൺ ഉപയോഗിച്ചതോടെയാണെന്നും വിവരമുണ്ട്. കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോൺ പ്രതിയുടെ പക്കലുണ്ടായിരുന്നു. ഈ ഫോൺ ഓൺ ചെയ്ത് ഗൂഗിൾ അക്കൗണ്ടിൽ നിന്ന് കോൺടാക്ടുകൾ നീക്കാൻ പ്രതി ശ്രമിച്ചിരുന്നു. ഇതാണ് പോലീസിന് കാര്യങ്ങൾ എളുപ്പമാക്കിയത്. തുടർന്ന് ഈ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയാണ് പ്രതിയെ പിടിയകൂടിയത്. പ്രതി കോഴി ഫാമിൽ ഒളിവിലായിരുന്നുവെന്നും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് പ്രതിയുടേത് തന്നെയാണെന്നും പോലീസ് വ്യക്തമാക്കി.
ആറുമാസം മുമ്പുള്ള ഫോൺ മോഷണക്കേസിലെ വിരലടയാളവും ഇന്നലത്തേതും ഒന്നുതന്നെയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ കയ്യിൽനിന്നും നഷ്ടമായ പ്ലാറ്റ്‌ഫോം ടിക്കറ്റ് കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിന്റെ വീട്ടിൽനിന്നും കണ്ടെത്തി. കൊലപാതകം ലക്ഷ്യമിട്ട് കോട്ടയത്തെത്തിയ പ്രതി തിരുവാതുക്കലിന് സമീപത്ത് ലോഡ്ജിലാണ് താമസിച്ചത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങളും ലോഡ്ജിൽനിന്നും പോലീസ് ശേഖരിച്ചു.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ കൂടിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന നിലയിൽ ഇന്നലെ രാവിലെയാണ് വീട്ടിൽ കണ്ടെത്തിയത്. രാവിലെ എട്ടരയോടെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് അരുംകൊലയുടെ വിവരം പുറത്തറിഞ്ഞത്. വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. അകത്തേക്ക് പ്രവേശിച്ചപ്പോൾ സ്വീകരണമുറിയിൽ വിജയകുമാർ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലും തൊട്ടടുത്ത മുറിയിൽ ഭാര്യയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.