കോഴിക്കോട്: തിരുവമ്പാടിയിൽ പുല്ലൂരാംപാറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞതിൽ ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരണം. രണ്ടു പേർക്ക് ഗുരുതരമായ പരുക്കുണ്ട്. പുഴയിലെ തിരച്ചിൽ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
ഓമശ്ശേരിയിലെ ശാന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച തിരുവമ്പാടി കണ്ടപ്പച്ചാൽ സ്വദേശിനി കമലയാണ് മരിച്ചതെന്നാണ് വിവരം. ബസിന്റെ മുൻഭാഗത്തിനും പുഴയ്ക്കും ഇടയിൽ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. ഹൈഡ്രാളിക് കട്ടർ ഉൾപ്പെടെ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങൾ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്.
തിരുവമ്പാടി മുത്തപ്പൻ പുഴയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
ബസിൽ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു. ഒരാളൊഴികെ എല്ലാവരെയും വിവിധ ആശുപത്രിയിലേക്ക് മാറ്റിയതായാണ് പറയുന്നത്. കൈവരികളില്ലാത്ത പാലത്തിൽനിന്നാണ് ബസ് കീഴ്‌മേൽ മറിഞ്ഞത്. ബസ് പുഴയിൽനിന്ന് ഉയർത്താനുള്ള ശ്രമത്തിലാണ്.
പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും യു.എൽ.സി.സിയുടെ ക്രെയ്ൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണ്. ബസ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചാണ് പുഴയിലേക്ക് മറിഞ്ഞതെന്നാണ് പറയുന്നത്.