- പോലീസിന്റേത് സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന നടപടിയെന്ന് വിമർശം
- റൂം തുറക്കാത്തതിൽ ദുരൂഹത ആരോപിച്ച സി.പി.എം നേതാവ് എ.എ റഹീമിനോട് നിന്റെ സംസ്‌കാരമല്ല എന്റെ സംസ്‌കാരമെന്നാണ് ഷാനിമോളുടെ മറുപടി. എന്റെ മുറി എപ്പോൾ തുറക്കണമെന്ന് ഞാനാണ് തീരുമാനിക്കുക. അർധരാത്രി വെളിയിൽ നാല് പുരുഷ പോലീസുകാർ നിൽക്കുമ്പോൾ ഞാൻ കതക് തുറക്കണമെന്ന് പറയാൻ റഹീമിന് നാണമില്ലേ? അയാളോട് പുച്ഛവും സഹതാപവും കൂടുതൽ തോന്നിയ ദിവസമായിരുന്നു ഇന്നലത്തേത്.
പാലക്കാട്: ഇന്നലെ അർധരാത്രി ഞാൻ നേരിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ അപമാനമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. അർധരാത്രി പോലീസ് തന്റെ ശരീരപരിശോധന വരെ നടത്തിയെന്നും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു രേഖയും പോലീസ് കാണിച്ചില്ലെന്നും ഷാനിമോൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
രാത്രി 12 മണി കഴിഞ്ഞാണ് പോലീസ് സംഘം വരുന്നത്. വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും ഞാൻ കൂട്ടാക്കിയില്ല. വാതിലിൽ മുട്ടുകയും തള്ളുകയുമൊക്കെ ചെയ്തു. നോക്കിയപ്പോൾ നാല് പേരുണ്ട്. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമാണെന്ന് പറഞ്ഞു.
ഈ അസമയത്താണോ തെരഞ്ഞെടുപ്പിന്റെ കാര്യം, അത് നിയമപരമല്ല, വനിതാ പോലീസില്ലാതെ നടക്കില്ലെന്ന് പറഞ്ഞപ്പോൾ വാതിൽ തുറന്നേ പറ്റൂ എന്നായി അവർ. ഹോട്ടൽ റിസപ്ഷനിൽ പോയി എന്റെ നമ്പറിൽ വിളിക്കാൻ പറഞ്ഞു ഞാൻ.
കുറച്ച് കഴിഞ്ഞ് വലിയ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ വലിയ ആൾക്കൂട്ടം തന്നെയുണ്ട്. വനിതാ പോലീസില്ലാതെ പരിശോധന നടത്താൻ കഴിയില്ലെന്ന് അറിയിച്ചിട്ടാവണം, ഒരു വനിതാ പോലീസിനെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. എന്റെ ശരീരപരിശോധന വരെ അവർ നടത്തി. മുറിയിലെ മുഴുവൻ സാധനങ്ങളും വലിച്ച് പുറത്തിട്ടു. ഒരു സ്ത്രീ എന്ന നിലയിൽ നേരിട്ട ഏറ്റവും വലിയ അപമാനമാണ്.
റൂം തുറക്കാത്തതിൽ ദുരൂഹത ആരോപിച്ച സി.പി.എം നേതാവ് എ.എ റഹീമിനോട് നിന്റെ സംസ്‌കാരമല്ല എന്റെ സംസ്‌കാരമെന്നാണ് ഷാനിമോളുടെ മറുപടി. എന്റെ മുറി എപ്പോൾ തുറക്കണമെന്ന് ഞാനാണ് തീരുമാനിക്കുക. അർധരാത്രി വെളിയിൽ നാല് പുരുഷ പോലീസുകാർ നിൽക്കുമ്പോൾ ഞാൻ കതക് തുറക്കണമെന്ന് പറയാൻ റഹീമിന് നാണമില്ലേ? അയാളോട് പുച്ഛവും സഹതാപവും കൂടുതൽ തോന്നിയ ദിവസമായിരുന്നു ഇന്നലത്തേത്.
ഒറ്റയ്ക്ക് താമസിക്കുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്ന സ്ത്രീകളാണ് ഞങ്ങൾ. ഞങ്ങളെ മാതൃകയാക്കുന്ന സ്ത്രീകളൊക്കെ ഈ അസമയത്തെ പരിശോധനയും മറ്റും കാണുകയല്ലേ. കേരളത്തിൽ ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കാനൊന്നും ഞങ്ങൾ സമ്മതിക്കില്ല. കേരളത്തെ 25 വർഷം പുറകോട്ട് കൊണ്ടുപോകുന്ന നടപടിയാണിത്. തോന്നുമ്പോൾ കയറിവരാൻ ഇത് ചന്തയല്ലെന്നും പോലീസിന്റേത് സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
അനധികൃത പണം എത്തിച്ചെന്നാരോപിച്ചായിരുന്നു പാലക്കാട് കെ.പി.എം റെസിഡൻസിയിലെ വനിതാ നേതാക്കളുടെ അടക്കം മുറിയിൽ പോലീസ് പരിശോധന നടത്തിയത്. ഷാനിമോൾ ആദ്യം മുറി തുറക്കാതിരുന്നത് കള്ളപ്പണം ഒളിപ്പിക്കാനാണെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. എന്നാൽ അസമയത്ത് വന്നാണോ തെരഞ്ഞെടുപ്പിന്റെ കാര്യം ചോദിക്കേണ്ടതെന്നും സ്ത്രീകളുടെ മുറിയിൽ പരിശോധനയ്ക്ക് വരുമ്പോൾ ഒരു വനിതാ പോലീസെങ്കിലും വേണ്ടേ എന്നുമുള്ള മറു ചോദ്യത്തിൽ പലർക്കും നാവിറങ്ങി. തുടർന്നായിരുന്നു വനിതാ പോലീസുമായി പോലീസ് സംഘം എത്തിയത്. തുടർന്ന് പരിശോധിച്ചെങ്കിലും ഒന്നും ലഭിക്കാതെ പോലീസ് സംഘം മടങ്ങുകയായിരുന്നു.
പോലീസ് പരിശോധന തെരഞ്ഞെടുപ്പ് സമയത്തും മറ്റും സാധാരണയാണെങ്കിലും അതിന് പാലിക്കേണ്ട മര്യാദകൾ പാലിക്കാതെയുള്ള സമീപനത്തിനെതിരെയാണ് പൊതുവേ വിമർശം ഉയരുന്നത്. എന്നാൽ, ഇതിനെതിരെ പോലീസിനെ തുണച്ചാണ് സി.പി.എം നേതാവ് മന്ത്രി എം.ബി രാജേഷ് അടക്കമുളളവരുടെ ന്യായീകരണം. എന്നാൽ, സി.പി.എം വനിതാ നേതാക്കൾ ഇക്കാര്യത്തിലുള്ള നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.