ന്യൂഡൽഹി– വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിനെച്ചൊല്ലി കോൺഗ്രസ് നേതൃത്വവും കെ. സുധാകരനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ ഹൈക്കമാൻഡ് വഴങ്ങി. കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരരംഗത്തുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഡൽഹിയിൽ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി നടന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പാർട്ടി നേതൃത്വം തങ്ങളുടെ മുൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയത്.
സീറ്റ് വിഭജന ചർച്ചകളിൽ തന്നെ അവഗണിക്കുന്നതിൽ സുധാകരൻ നേരത്തെ തന്നെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പരന്നതോടെയാണ് ഹൈക്കമാൻഡ് പ്രതിരോധത്തിലായത്.
സുധാകരന്റെ ഈ കടുത്ത നീക്കം തിരിച്ചറിഞ്ഞ രമേശ് ചെന്നിത്തല ഉടൻ തന്നെ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. സുധാകരൻ വിമതനായി മത്സരിക്കുന്നത് കേരളത്തിൽ യുഡിഎഫിന്റെ വിജയസാധ്യതയെ അട്ടിമറിക്കുമെന്നും ലോക്സഭയിൽ പാർട്ടിയുടെ കരുത്ത് കുറയ്ക്കുമെന്നും അദ്ദേഹം നേതൃത്വത്തെ ബോധ്യപ്പെടുത്തി. മുതിർന്ന നേതാവ് എ.കെ ആന്റണിയും വിഷയത്തിൽ ഇടപെടുകയായിരുന്നു.



